വിൻഡോസ് തുറന്നില്ല, ഐ.ടി സ്തംഭനം തുടരുന്നു

Sunday 21 July 2024 4:05 AM IST

ന്യൂയോർക്ക്:ചരിത്രത്തിലെ ഏറ്റവും വലിയ ഐ.ടി സ്തംഭനത്തിന്റെ ആഘാതത്തിൽ നിന്ന് ലോകം കരകയറിയില്ല. അമേരിക്കൻ കമ്പനിയായ ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാൽക്കൺ ആന്റി വൈറസ് സോഫ്റ്റ്‌വെയറിലെ തകരാറ് കാരണം ദശലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളാണ് വെള്ളിയാഴ്ച നിശ്ചലമായത്. പരിഹരിച്ചെന്ന് ക്രൗഡ് സ്ട്രൈക്ക് സി. ഇ. ഒ ജോർജ് കുർട്ട്സ് അറിയിച്ചു. പക്ഷേ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമാവാൻ വൈകും.

ജനങ്ങളുടെ ഡിജിറ്റൽ ജീവിതം സ്തംഭിപ്പിച്ച പ്രതിസന്ധിയെ കമ്പ്യൂട്ടർ മഹാമാരി എന്നാണ് ശാസ്‌ത്രജ്ഞർ വിശേഷിപ്പിച്ചത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ ദൗർബല്യമാണ് വെളിവായത്. നാളെ ആവർത്തിക്കില്ലെന്ന് ഉറപ്പില്ല. ലോകം വിൻഡോസിനെ മാത്രം ആശ്രയിക്കുന്നതാണ് കാരണം. ഒരു ബദൽ ഓപ്പറേറ്റിംഗ് സിസ്റ്റം (പ്ലാൻ ബി)​ ആവശ്യമാണ്.

ചൈന ലോകത്തിന് മാതൃക

ലോകത്തെ നിശ്ചലമാക്കിയ കമ്പ്യൂട്ടർ ഷട്ട്ഡൗണിൽ നിന്ന് രക്ഷപ്പെട്ട

ഏക രാജ്യം ചൈനയാണ്. കാരണം,​ ചൈന മൈക്രോസോഫ്റ്റിനെ ആശ്രയിക്കുന്നില്ല. അലിബാബ, ടാൻസെന്റ്, വാ വെയ് തുടങ്ങിയ തദ്ദേശീയ കമ്പനികളാണ് ചൈനയിലെ ക്ലൗഡ് സേവനദാതാക്കൾ. മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന ചൈനയിലെ വിദേശ കമ്പനികളെ മാത്രമാണ് ഷട്ട്ഡൗൺ ബാധിച്ചത്. ചൈന തദ്ദേശീയ ഐ.ടി സങ്കേതങ്ങൾ നടപ്പാക്കുകയാണ്. ഇന്റർനെറ്റിനെ പ്രാദേശികമായി നിയന്ത്രിക്കുന്ന സമാന്തര ശൃംഖലയുണ്ട് - സ്‌പ്ലിന്റർ നെറ്റ്. ചൈനയുടെ സ്വന്തം ഇന്റനെറ്റ് സംവിധാനമാണ് ഗ്രേറ്റ് ഫയർവാൾ. ഓൺലൈൻ സേവനങ്ങൾ ഇതിൽ നിന്നേ കിട്ടൂ.

മുതലെടുക്കാൻ സൈബർ ക്രിമിനലുകൾ

കമ്പ്യൂട്ടറുകളുടെ തകരാറ് പരിഹരിക്കാൻ ഹാക്കർമാർ ക്ലൗഡ് സ്ട്രൈക്കിന്റെയും മൈക്രോസോഫ്റ്റിന്റെയും പേരിൽ വ്യാജ സോഫ്റ്റ്‌വെയറുകളും വ്യാജ വെബ്സൈറ്റുകളും ഇറക്കുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇവ വൈറസ് പ്രോഗ്രാമുകളാണ്. തുറന്നാൽ കമ്പ്യൂട്ടറുകൾ കൂടുതൽ കുഴപ്പത്തിലായി രണ്ടാം ഷട്ട്ഡൗൺ തരംഗം തന്നെ ഉണ്ടാക്കും.

വിമാന മുടക്കം ഇന്നലെയും

ഇന്നലെ ലോകത്താകെ 1,700 ഓളം വിമാനങ്ങൾ മുടങ്ങി. വെള്ളിയാഴ്ച 6855 വിമാനങ്ങളാണ് റദ്ദാക്കിയത്. ആദ്യ ദിവസം റദ്ദാക്കിയ വിമാനങ്ങളും അവയിലെ ജീവനക്കാരും ലോകത്തിന്റെ നാനാഭാഗങ്ങളിലായതിനാൽ ഇന്നലെയും സർവീസുകൾ കാര്യക്ഷമമായില്ല. ബ്രിട്ടനിൽ ഇന്നലെ അരലക്ഷത്തോളം യാത്രക്കാർ വലഞ്ഞു.

അതേസമയം, ഇന്ത്യയിൽ ഇന്നലെ പുലർച്ചെ തകരാറ് പരിഹരിച്ച് സർവീസുകൾ പലതും പുനഃരാരംഭിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാൽ വെള്ളിയാഴ്‌ചത്തെ തടസങ്ങളുടെ തുടർച്ചയായി യാത്രക്കാർക്ക് പ്രശ്‌നങ്ങൾ നേരിട്ടു. ചില സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്‌തു. യാത്രക്കാരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. നെടുമ്പാശേയിൽ ഇന്നലെ പുലർച്ചെ മുതൽ അർദ്ധരാത്രി വരെ സർവീസ് നടത്തേണ്ടിയിരുന്ന ഒമ്പത് വിമാനങ്ങൾ റദ്ദാക്കി. ഇതിൽ ആറും ഇൻഡിഗോ വിമാനങ്ങളാണ്. മറ്റുള്ളവ എയർ ഇന്ത്യ എക്സ്‌പ്രസും. ഇന്ത്യൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെയും ക്ലിയറിംഗ് കോർപ്പറേഷനുകളെയും ബാധിച്ചില്ല.

Advertisement
Advertisement