മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ ചാക്കോച്ചനും സജിൻ ഗോപുവും
നായാട്ടിനുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും പ്രധാന വേഷത്തിൽ എത്തുന്നു. ബിജു മേനോന് നിശ്ചയിച്ച വേഷത്തിലേക്കാണ് സജിൻ ഗോപു എത്തുന്നത്. ഡേറ്റ് ക്ളാഷ് ആണ് ബിജു മേനോന്റെ പിൻമാറ്റത്തിന് കാരണം. എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ നായകനായ ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കുകയാണ് ബിജു മേനോൻ. നവംബർ വരെ ചിത്രീകരണം ഉണ്ടാകും. അതേസമയം ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.
അതേസമയം നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുകയാണ് ചാക്കോച്ചൻ. പ്രിയ മണിയാണ് നായിക. ഷാഹി കബീർ രചന നിർവഹിക്കുന്നു.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ ഭീഷ്മപർവ്വത്തിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ല' ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദീൻ, വീണ നന്ദകുമാർ, സ്രിന്ദ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക് ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. യുവ നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കുന്ന ബോഗയ്ൻവില്ലയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും സംഗീതം സുഷിൻ ശ്യാമുമാണ് .ഒക്ടോബർ റിലീസാണ്. ജയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ ആണ് കുഞ്ചാക്കോ ബോബൻ നായകനായി അവസാനമായി റിലീസ് ചെയ്ത ചിത്രം. ഹ്യുമർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.