ദേശീയപാതയ്ക്കായി പൊളിച്ച കടയുടമകൾക്ക് നഷ്ടപരിഹാരം : മൂന്നാം വർഷത്തിലും കാത്തിരിപ്പ്

Saturday 20 July 2024 9:21 PM IST

കേന്ദ്രവിവിഹിതം നേരത്തെ കൈമാറി

കാസർകോട് : ആറുവരി ദേശീയപാതക്കായി ഏറ്റെടുത്ത ഭൂമിക്ക് പ്രഖ്യാപിച്ച പുനരവധിവാസ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാതെ കാസർകോട് ജില്ലയിൽ 35 പേർ. പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉടമകൾക്ക് നൽകാനുള്ള രണ്ടു ലക്ഷമാണ് ഇനിയും ലഭിക്കാനുള്ളത്. കേന്ദ്രവിഹിതം എത്തിയിട്ടും സ്ഥലംവിട്ടുനൽകിയ ഇത്രയും പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇതുവരെയും നഷ്ടപരിഹാരത്തുക എത്തിയിട്ടില്ല.

കാസർകോട് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ മാവുങ്കാൽ, നീലേശ്വരം നഗരസഭ ,​ ചെറുവത്തൂർ, പിലിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ കടകളും സ്ഥാപനങ്ങളും നടത്തിയിരുന്ന 35 പേരാണ് ഇപ്പോഴും ധനസഹായം കാത്തുനിൽക്കുന്നത്. ചെറുവത്തൂർ പിലിക്കോട് ഭാഗങ്ങളിൽ മാത്രം 15 പേരാണ് സഹായം കാത്തിരിക്കുന്നുണ്ട്. നീലേശ്വരം നഗരസഭപരിധിയിലെ 55 അപേക്ഷകളിൽ 15 പേരെ മാത്രമാണ് പരിഗണിച്ചത്. പൊളിച്ചുമാറ്റുന്ന കച്ചവട സ്ഥാപനങ്ങൾക്ക് പകരം പെട്ടിക്കടയെങ്കിലും തുടങ്ങാൻ പണം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിച്ചത്. ഇതിൽ 75000 കേന്ദ്രവിഹിതമാണ്. ബാക്കി സംസ്ഥാന സർക്കാർ നൽകണം.

പണം നൽകുന്നതിൽ മെല്ലെപ്പോക്ക്

പണം നൽകുന്നതിൽ മെല്ലെപ്പോക്ക് നയമാണ് അധികൃതർക്കെന്നാണ് അപേക്ഷകരുടെ പരാതി. ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കിയ 2011ന് മുമ്പ് 2008-2009 കാലയളവിൽ കച്ചവടസ്ഥാപനം നടത്താൻ ലൈസൻസ് ഉണ്ടായിരുന്നവർക്കാണ് പുനരധിവാസ പാക്കേജ് പ്രകാരം സാമ്പത്തിക സഹായം അനുവദിച്ചത്. 2020-21 കാലഘട്ടത്തിലാണ് ദേശീയപാത സ്ഥലം ഏറ്റെടുത്തത്. ആ സമയം ഉണ്ടായിരുന്ന കെട്ടിടങ്ങൾ മുഴുവൻ അധികൃതർ പൊളിച്ചു മാറ്റിയിരുന്നു.

1258 കേസുകൾ

537 എണ്ണത്തിൽ തീർപ്പ്

കാസർകോട് ജില്ലയിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 1258 കേസുകൾ കോടതികളിൽ നിലവിലുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നിയമസഭയിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. ആർബിട്രേഷൻ കേസുകൾ ഉൾപ്പെടെ ആകെ 1795 കേസുകളാണ് ആകെ ഉണ്ടായിരുന്നത്. ഇവയിൽ 537 കേസുകൾ തീർപ്പാക്കി. 406 ആർബിട്രേഷൻ കേസുകളും 24 ഒ.പി.കേസുകളും നാല് ഒ.എസ്. കേസുകളും 63 എൽ.എ.ആർ. കേസുകളും ഹൈക്കോടതിയിലുണ്ട്. കേസുകൾ തീർപ്പാകാത്തതു കാരണം ദേശീയപാത പ്രവൃത്തി മൊഗ്രാൽ, കാസർകോട്, കാഞ്ഞങ്ങാട് വില്ലേജുകളിലെ ചിലയിടങ്ങളിൽ മുടങ്ങിക്കിടക്കുന്നുമുണ്ട്.