സുരക്ഷ വിലയിരുത്താൻ കരസേനാ മേധാവി ജമ്മുവിൽ

Sunday 21 July 2024 4:25 AM IST

ശ്രീനഗർ: വർദ്ധിക്കുന്ന ഭീകരാക്രമണങ്ങൾ കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജമ്മു കാശ്മീർ സന്ദർശിച്ചു. ജമ്മുവിലെ പൊലീസ് ആസ്ഥാനത്ത് സംയുക്ത സുരക്ഷ അവലോകന യോഗത്തിൽ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു.

ജമ്മു മേഖലയിൽ ഭീകരാക്രമണം പതിവായ സാഹചര്യത്തിലാണ് കരസേനാ മേധാവി നേരിട്ടെത്തിയത്. നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താണിത്. സുരക്ഷയിലെ പിഴവുകൾ, നുഴഞ്ഞുകയറ്റ പ്രശ്നങ്ങൾ, ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കൽ എന്നിവ യോഗത്തിൽ ചർച്ചയായി.

ഏറ്റുമുട്ടൽ തുടരുന്നു

വനമേഖലയിലുൾപ്പെടെ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള സുരക്ഷാ സേനയുടെ തെരച്ചിൽ ഊർജ്ജിതമാണെങ്കിലും ദോഡ മേഖലയിലും മറ്റ് പ്രദേശങ്ങളിലും ഏറ്റുമുട്ടൽ തുടരുന്നു. കൂടുതൽ സൈനികരെ സെക്ടറിലേക്ക് അയച്ചതായും യൂണിറ്റുകളെ പുനഃക്രമീകരിച്ചതായും അധികൃതർ അറിയിച്ചു. ജമ്മു, രജൗരി, പൂഞ്ച്, റിയാസി, കത്വ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

3000 സൈനികർ കൂടി

ഭീകരാക്രമണം നേരിടാൻ ഏകദേശം 3,000 സൈനികരും 500 സ്‌പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ബ്രിഗേഡിനെ ജമ്മു മേഖലയിൽ വിന്യസിച്ചു. കേന്ദ്ര സേനയ്ക്ക് പുറമേയാണിത്.

Advertisement
Advertisement