പാറക്കാമലയിൽ ഇടിഞ്ഞുതാഴ്ന്നത് കരിങ്കൽ ക്വാറിയിലെ മണ്ണ് ; ഉണ്ടാക്കിയെടുത്ത ഉരുൾപൊട്ടൽ
ഉരുൾപൊട്ടലിൽ പതിച്ചത് കൂട്ടിയിട്ട മണ്ണിന്റെ കാൽ ഭാഗം മാത്രം
ഇരിട്ടി:അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ തീർത്തും മനുഷ്യനിർമ്മിതം. കരിങ്കൽ ക്രഷറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നീക്കിയ ലോഡ് കണക്കിന് വരുന്ന മണ്ണ് അനധികൃതമായി കൂട്ടിയിട്ട കുന്നിൻചെരുവിൽ നിന്നും വെള്ളത്തിനൊപ്പം കുത്തിയൊഴുകിയാണ് വൻഅപകടം ഉണ്ടായത്. ക്രഷർ അധികൃതർ നിക്ഷേപിച്ച മണ്ണിൽ കാൽഭാഗം മാത്രമാണ് ഉരുളപൊട്ടലിൽ താഴേക്ക് പതിച്ചിരിക്കുന്നത്. ബാക്കി മണ്ണും ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന ഭീകരാവസ്ഥയിലാണ്.
വിള്ളൽ വീണിരിക്കുന്ന മണ്ണിൽ തുടർച്ചയായി മഴപെയ്താൽ വൻഅപകടമായിരിക്കും ഫലം. മണ്ണ് താഴേക്ക് ഇറങ്ങാതിരിക്കാൻ ക്രഷർ അധികൃതർ പുല്ലും മരങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിലും താങ്ങാവുന്നതിലും അധികമാണിത്..അയ്യൻകുന്ന് പഞ്ചായത്തിലെ മുഴുവൻ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്വാറികളുടേയും ക്രഷറുകളുടെയും പ്രവർത്തനം നിർത്തിവെക്കണമെന്നും ഇവയ്ക്ക് പഞ്ചായത്ത് ലൈസൻസ് നൽകരുതെന്നും നാട്ടുകാർ ആവശ്യപ്പെടുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
30 ഉരുൾപൊട്ടലുകൾ
സമീപകാലങ്ങളിലായി 30 ഓളം ഉരുൾപൊട്ടൽ ഈ മേഖലയിൽ ഇതുവരെ സംഭവിച്ചിട്ടുണ്ട് . 2018ൽ നടന്ന ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം നടത്തിയ പഠനങ്ങളിൽ ഇത് ഉരുൾപൊട്ടൽ സാദ്ധ്യതയേറിയ ഇടമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ഈ ഭാഗത്ത് ക്വാറികളുടെ പ്രവർത്തനം. ക്രഷറിന്റെ പ്രവർത്തനം നിർത്തിവെക്കണം എന്ന ആവശ്യവുമായി കളക്ടർക്ക് പരാതി നല്കാൻ ഒരുങ്ങുകയാണ് ദുരിതം അനുഭവിക്കുന്ന നാലുകുടുംബങ്ങൾ .
ഉരുൾപൊട്ടലിന് കാരണമായ മണ്ണ് നിക്ഷേപം അനധികൃതമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മണ്ണ് നീക്കം ചെയ്യൽ അപകടകരമാണ്. തകർന്ന റോഡ് ഉൾപ്പെടെ നേരെയാക്കുന്നതിന് അടുത്ത ദിവസം ക്രഷർ കമ്പിനിക്കാരെ വിളിച്ചുവരുത്തും. താഴ്വാരത്തെ കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ ക്രഷർ കമ്പിനിയോട് ആവശ്യപ്പെടും-അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ