ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണ' ത്തിന്റെ റിലീസ് തടഞ്ഞു
കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'അജയന്റെ രണ്ടാം മോഷണ"ത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. നിർമ്മാതാക്കളായ യു.ജി.എം പ്രൊഡക്ഷൻസിനെതിരെ എറണാകുളം സ്വദേശി ഡോ. വിനീത് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ തിയേറ്റർ, ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്കുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി തന്റെ പക്കൽ നിന്ന് 3.20 കോടി രൂപ വാങ്ങിയ നിർമ്മാതാക്കൾ ഉടമസ്ഥാവകാശം നിഷേധിക്കുകയും പ്രദർശനാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് പരാതി.
ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് മൂന്നുവേഷങ്ങളിലാണ് എത്തുന്നത്. എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു ജിതിൻ ലാൽ. ഓണം റിലീസായി സെപ്തംബറിലാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. സുജിത് നമ്പ്യാരാണ് കഥ, തിരക്കഥ, സംഭാഷണം കൈകാര്യം ചെയ്യുന്നത്. യു.ജി.എം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം.