18-ാം ലോക്‌സഭ ആദ്യ ബഡ്‌ജറ്റ് സമ്മേളനം നാളെ മുതൽ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനത്തിന് നാളെ കൊടിയേറും. 23ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ബഡ‌്‌ജറ്റ് അവതരിപ്പിക്കും. ആഗസ്റ്റ് 12 വരെയുള്ള സമ്മേളനത്തിൽ ആറ് പുതിയ ബില്ലുകൾ അവതരിപ്പിച്ചേക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗം ഇന്ന് നടക്കും. ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ നടന്ന 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്‌പീക്കർ തിരഞ്ഞെടുപ്പും രാഷ്‌ട്രപതിയുടെ അഭിസംബോധനയുമാണ് നടന്നത്. ബഡ്‌ജറ്റ് അവതരണവും അതിൻമേലുള്ള ചർച്ചയ്‌ക്കും പുറമെ പുതിയ ബില്ലുകൾ,സംവാദങ്ങൾ,ചോദ്യത്തോര വേള,ശൂന്യവേള തുടങ്ങിയ നടപടിക്രമങ്ങളുടെ സമ്മേളനമാണ് നാളെ തുടങ്ങുന്നത്.
ആറ് പുതിയ
ബില്ലുകൾ
കേരളത്തിന് നിർണായകമായ റബർ ബോർഡ്,കോഫി ബോർഡ് എന്നിവയിലെ രണ്ട് ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. 1947ലെ നിയമം ഭേദഗതി ചെയ്‌തുള്ള പുതിയ ബിൽ റബർ ബോർഡിന്റെ പ്രസക്തി കുറയ്‌ക്കുമെന്ന് വിമർശനമുണ്ട്. ബോർഡ് അംഗങ്ങളുടെ എണ്ണം 30ആയി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്നു. കേരളത്തിലെ എട്ട് അംഗങ്ങൾ ആറായി കുറയും.
ഇന്ത്യൻ കാപ്പി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും കോഫി ബോർഡിന്റെ പ്രവർത്തനത്തെ സഹായിക്കാനുമാണ് കോഫി പ്രമോഷൻ ആൻഡ് ഡെവലപ്‌മെന്റ് ബിൽ. വ്യോമയാന മേഖലയിലെ വ്യവസായവും നിർമ്മാണവും എളുപ്പമാക്കാൻ ഭാരതീയ വായുയാൻ വിധേയക് 2024ബിൽ,ദുരന്തനിവാരണ സംഘടനകളുടെ പ്രവർത്തനത്തിൽ വ്യക്തതയും ഏകോപനം ലക്ഷ്യമിട്ടുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഭേദഗതി) ബിൽ,ബോയിലറുകളുമായി ബന്ധപ്പെട്ട പഴയ ചട്ടങ്ങളിൽ മാറ്റം വരുത്തുന്ന ബോയിലേഴ്സ് ബിൽ എന്നിവയും ധനകാര്യ ബില്ലുമാണ് സമ്മേളനത്തിൽ വരിക. ജമ്മു കാശ്‌മീർ ബഡ്‌ജറ്റും അവതരിപ്പിക്കും.
ചട്ടങ്ങൾ
ഓർമ്മപ്പെടുത്തി
സഭാ അദ്ധ്യക്ഷന്റെ റൂളിംഗുകളെ വിമർശിക്കുന്നതും 'വന്ദേമാതരം', 'ജയ് ഹിന്ദ്' തുടങ്ങിയവ ഉയർത്തിയുള്ള മുദ്രാവാക്യങ്ങളും ചട്ടവിരുദ്ധമാണെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് എം.പിമാർക്കായി പുറത്തിറക്കിയ കൈപുസ്‌തകം ഓർമ്മിപ്പിക്കുന്നു. അൺപാർലമെന്ററി പദപ്രയോഗങ്ങൾ ഒഴിവാക്കണം. ഓരോ അംഗവും സഭയിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും കസേരയെ വണങ്ങണം. സഭയിൽ ഇല്ലാത്തവരെയും വിമർശിക്കരുത്.