ഹരിതകർമ്മ സേനയ്ക്ക് മാലിന്യം കൈമാറാത്തവരെ കണ്ടെത്തും

Sunday 21 July 2024 12:38 AM IST

ആലപ്പുഴ: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഹരിത കർമ്മസേനയുമായി സഹകരിക്കാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരശേഖരണം തുടങ്ങി. ആമയിഴ‍ഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനിറങ്ങിയ ജോയി മരിച്ച സംഭവത്തിന്റെ വെളിച്ചത്തിലാണ് കർമ്മ പദ്ധതി ആവിഷ്കരിച്ചത്. ഹരിതകർമ്മ സേനയുടെ ഹരിതമിത്ര ആപ്പിലെ വിവരങ്ങൾ പരിശോധിച്ചാണ് നടപടി. മാലിന്യം കൈമാറുന്ന വീടുകളും സ്ഥാപനങ്ങളും ഈ ആപ്പിലൂടെ തിരിച്ചറിയാം. നഗരസഭകളിൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും പഞ്ചായത്തുകളിൽ വി.ഇ.ഒമാരോ അസി.സെക്രട്ടറിയോ ആപ്പ് പരിശോധിച്ച് മാലിന്യം കൈമാറാത്ത സ്ഥാപനങ്ങളെയും വീടുകളെയും കണ്ടെത്തും. ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കി പദ്ധതിയുടെ ഭാഗമാക്കും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ഹരിതകർമ്മ സേന യൂസർഫീ വാങ്ങി വീടുവീടാന്തരം ശേഖരിച്ചിട്ടും മാലിന്യം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഇതാണ് പൊതുസ്ഥലങ്ങളിൽ മാലിന്യംകുന്നുകൂടാൻ കാരണമെന്നാണ് നിഗമനം.

ഭൗമമാപ്പിംഗിൽ ചിത്രം തെളിയും

1.നഗരസഭ പരിധിയിലെ മുഴുവൻ നിർമ്മിതികളുടെയും ജലാശയങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെയും വിവരങ്ങൾ അടങ്ങുന്ന ഭൗമമാപ്പിംഗ് അവസാന ഘട്ടത്തിലാണ്

2. ഡ്രോൺ മാപ്പിംഗിലൂടെയും നേരിട്ടുള്ള ശേഖരണത്തിലൂടെയും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ജിയോ മാപ്പിംഗ് നടത്തിയാണ് ഭൗമ വിവരങ്ങളെല്ലാം ഒറ്റക്ലിക്കിൽ ലഭിക്കുന്നത്. ഇതോടെ നഗരസഭയിലെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പ്രത്യേക ആപ്പും റെഡിയാകും

3.ഓരോ വാർഡിലെയും ജനവാസമുള്ളതും അല്ലാത്തതുമായ വീടുകൾ, പ്രവർ‌ത്തിക്കുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങൾ, വാടകയ്ക്ക് താമസിക്കുന്നവർ തുടങ്ങിയ വിവരങ്ങളെല്ലാം ലഭ്യമാകുന്ന ജിയോ മാപ്പിംഗ്,​ മാലിന്യശേഖരണപദ്ധതിക്ക് കൂടി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം

.......................................................................................

ക്യാമറനിരീക്ഷണംശക്തം

 നൈറ്റ് സ്ക്വാഡുകളുടെ എണ്ണം കൂട്ടി

 കൂടുതൽ കാമറകൾ സ്ഥാപിക്കാൻ പദ്ധതി

 ഇനാം പദ്ധതിക്ക് കൂടുതൽ പ്രചാരം

 പൊലീസിന്റെ സഹായം

 ബോധവൽക്കരണം

ഹരിത കർമ്മസേന അംഗങ്ങൾ: 131

വാർഡുകൾ : 52 വീടുകൾ : 37000

സ്ഥാപനങ്ങൾ : 15000

മാലിന്യം (ഒരുമാസം) : 72 ടൺ

അജൈവമാലിന്യം (പ്രതിദിനം): 8ടൺ

ശുചീകരണതൊഴിലാളികൾ: 140

പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം തടയുന്നതിന് ബോധവൽക്കരണത്തിന് പുറമേ ശക്തമായ നിയമനടപടികൾ ആരംഭിക്കാനാണ് തീരുമാനം. മാലിന്യം ഹരിത കർമന്മസേനയ്ക്ക് കൈമാറാത്തവരെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കും. ഒപ്പം നിയമലംഘകർക്കെതിരെ ശിക്ഷാനടപടികളും സ്വീകരിക്കും

- ജില്ലാശുചിത്വ മിഷൻ, ആലപ്പുഴ