തൊഴിലുറപ്പ് തട്ടിപ്പ്: കുത്തിയതോട്ടിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

Sunday 21 July 2024 12:39 AM IST

അരൂരിൽ ഫയൽ ആവശ്യപെട്ട് എ.ഇ

തുറവൂർ: കുത്തിയതോട് ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് താത്കാലിക വനിതാ ജീവനക്കാർക്ക് സസ്പെൻഷൻ. തൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ടമുള്ള അസി.എൻജിനിയർ തന്റെ അറിവില്ലാതെ വ്യാജ ഒപ്പിട്ട് പദ്ധതിക്ക് സാങ്കേതികാനുമതിയും ഫണ്ടും നേടിയതായി പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണ് കുറ്റക്കാരായ കരാർ ജീവനക്കാരെ സസ്പെന്റ് ചെയ്തത്. സി.പി.എം നേതൃത്വം നൽകുന്ന 16 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണകക്ഷിയിലെ സി.പി.ഐയുടെ 2 അംഗങ്ങളും പ്രതിപക്ഷത്തെ കോൺഗ്രസിലെ 5 ഉം ബി.ജെ.പിയിലെ 3 ഉം അംഗങ്ങളക്കം 10 പേർ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തുവന്നതോടെയാണ് നടപടിയുണ്ടായത്. കുറ്റം തെളിഞ്ഞാൽ ജീവനക്കാരെ പിരിച്ചുവിടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം,​ അരൂർ പഞ്ചായത്തിലും തൊഴിലുറപ്പു പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട് പഞ്ചായത്തിലെ അസി. എൻജിനിയർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും അത് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ഫയലുകളിൽ ക്രമക്കേടുകൾ നടത്തിയോ ആവശ്യമായ രേഖകൾ ഇല്ലാതായോ പദ്ധതി പണം ചെലവഴിച്ചതായി സംശയമുള്ളതായി അസി. എൻജിനിയറുടെ കത്തിൽ പറയുന്നു. ഫയലുകൾ ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം നടത്തണമെന്നും കത്തിൽ പറയുന്നു. എന്നാൽ,​ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.