അർജുനായുള്ള തെരച്ചിലിൽ സെെന്യവും; നടപടി കുടുംബം  ആവശ്യപ്പെട്ടത്  പ്രകാരം

Saturday 20 July 2024 10:49 PM IST

ബംഗളൂരു: അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനായുള്ള തെരച്ചിലിൽvd സെെന്യവും എത്തും. സെെന്യത്തെ വിളിക്കാൻ കർണാടക സർക്കാർ നടപടി തുടങ്ങി. അർജുന്റെ കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കളക്ടറുടെ റിപ്പോർട്ട് സെെന്യത്തിന് കെെമാറി. നാളെ രാവിലെ മുതൽ സെെന്യം ദൗത്യം ഏറ്റെടുക്കുമെന്നാണ് സൂചന. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്ന് തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയ ഇമെയിൽ വഴി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അർജുനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കുടുംബം പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്.

അർ‌ജുനെ കണ്ടെത്താനായി അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. എന്നാൽ ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ റഡാറിൽ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘം പറയുന്നത്. സൂറത്‌കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.

ഞായറാഴ്ച പുലർച്ചെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചേക്കും. ഇപ്പോൾ തെരച്ചിൽ നടത്തുന്ന ഭാഗത്ത് അർജുൻ ഓടിച്ചിരുന്ന ലോറി ഉണ്ടാവാൻ 70ശതമാനം സാദ്ധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറയുന്നു. അതിനനുസരിച്ച് രക്ഷാപ്രവർത്തനത്തിന്റെ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ ഭാഗത്ത് റഡാറിൽ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ തുടങ്ങിയതോടെയാണ് രക്ഷാദൗത്യം സജീവമായത്.

Advertisement
Advertisement