ചാരായക്കേസിൽ പിടിയിലായത് ഹരി​പ്പാട്ടെ 'പ്രധാന' കള്ളൻ

Sunday 21 July 2024 12:50 AM IST

ഹരിപ്പാട്: കാറിൽ ചാരായം കടത്തിയ കേസിലെ അന്വേഷണത്തിൽ നിരവധി മോഷണ കേസുകളിലെ പ്രതി കുടുങ്ങി. പള്ളിപ്പാട് വില്ലേജിൽ പള്ളിപ്പാട് പഞ്ചായത്ത്‌ നടുവട്ടം ജീവൻ വില്ലയിൽ ജിൻസ് തോമസ് (20), ചാരായം കടത്താൻ കൂടെ ഉണ്ടായിരുന്ന പള്ളിപ്പാട് ശരൺ ഭവനിൽ കിരൺ (19 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 21ന് രാത്രികാല പട്രോളിങ്ങിനിടയിൽ കൂട്ടംകൈത ഭാഗത്ത് കണ്ട കാർ പൊലീസ് പരിശോധിച്ചപ്പോൾ ഇതിൽനിന്നും ചാരായം കണ്ടെത്തി. വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടുകയും ചെയ്തു.

വാഹനം കൂടുതൽ പരിശോധിച്ചപ്പോൾ അതിൽ നിന്നും ഫോണും തിരിച്ചറിയൽ രേഖകളും ലഭിച്ചു. ഫോൺ പരിശോധിച്ചപ്പോൾ നിരവധി മോഷണ കേസിലെ പ്രതിയായ ജിൻസന്റെ ഫോണാണ് അതെന്ന് മനസി​ലായി​.

മോഷ്ടിക്കുന്ന പണം അർഭാടജീവിതത്തി​നാണ് ജിൻസ് വി​നി​യോഗി​ച്ചി​രുന്നത്. പൊലീസ് പിടിയിലാവാതിരിക്കാൻ വേണ്ടി ആഴ്ചയിൽ സിം മാറുന്നതും ബാംഗ്ലൂർ,തമിഴ് നാട് എന്നി വി​ടങ്ങളിൽ തങ്ങുന്നതും ജിൻസിന്റെ പതിവായി​രുന്നു. ഒരു ലോഡ്ജിൽ ഒരാഴ്ച മാത്രമേ താമസിക്കുകയുള്ളൂ. സി​.സി​ ടി​വി​ കാമറകൾ പരി​ശോധി​ച്ചുള്ള അന്വേഷണത്തി​ലാണ് പ്രതി​കൾ എറണാകുളത്തുനി​ന്ന് പി​ടി​യി​ലായത്.

ഹരിപ്പാട് എസ്.എച്ച് .ഒ മുഹമ്മദ്‌ ഷാഫി, എസ്.ഐ മാരായ ശ്രീകുമാർ, ഷൈജ, സി.പി.ഒമാരായ നിഷാദ്, വിപിൻ , അൽ അമീൻ, .പ്രദീപ്‌ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ജി​ൻസി​ന്റെ പ്രധാന ഇരകൾ വ്യാപാരി​കൾ

ഹരിപ്പാട്ടെ കടകളിൽ നിന്നും 500,1000,2000 രൂപ വീതം മോഷണം പോകുന്നെന്ന പരാതിയിൽ പൊലീസ് നടത്തി​യ അന്വേഷണത്തി​ൽ ൾ ജിൻസ് ആണ് പ്രതി എന്ന് കണ്ടെത്തി​യിരുന്നു. എന്നാൽ നഷ്ടപ്പെട്ടത് ചെറിയ തുക ആയതിനാൽ കടയുടമകൾ കേസിന് താല്പര്യപ്പെട്ടില്ല. മുനിസിപ്പാലിറ്റിയിൽ നിന്നും വരുന്ന ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് ലൈസൻസ് മറ്റും ആവശ്യപ്പെടുകയും ഇത് എടുക്കാൻ ഉടമ തി​രി​യുമ്പോൾ മോഷണം നടത്തുകയുമായിരുന്നു പതി​വ്. ഇതു കൂടാതെ

കടയുടെ ഏറ്റവും പുറകിലിരിക്കുന്ന സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെടുകയും ഇത്‌ എടുക്കാനായി ഉടമ തിരിയുന്ന സമയത്ത് പെട്ടിയിലുള്ള പണം കൈക്കലാക്കുകയും ചെയ്യും.

ചില കേസുകളിൽ പൊലീസ് പിടികൂടിയെങ്കിലും മാതാപിതാക്കൾ പണം കെട്ടിവച്ചു കേസ് ഒത്തുതീർപ്പാക്കിയിരുന്നു. മാന്നാർ, വള്ളികുന്നം സ്റ്റേഷൻ പരിധികളിലും ഇതേ രീതിയിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. തുക കുറവായതിനാൽ ഇവിടെയും പരാതികൾ ഉണ്ടായില്ല.

Advertisement
Advertisement