ട്രാവൻകൂർ എക്‌സ്‌പോ; കൗതുകമായി നാണയങ്ങളിലെ രാമായണം

Sunday 21 July 2024 1:59 AM IST

തിരുവനന്തപുരം: ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷന്റെ (പി.എ.എൻ.എ)​ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന ട്രാവൻകൂർ എക്‌സ്‌പോയിൽ കൗതുകമായി നാണയങ്ങളിൽ ആലേഖനം ചെയ്തിട്ടുള്ള രാമായണമടക്കമുള്ള പൗരാണിക ചരിത്രം.പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഹാളിലാണ് പ്രദർശനമേള നടക്കുന്നത്. നാണയങ്ങൾ ശേഖരിക്കുന്ന ഹോബിയുള്ള സി.ആർ.രംഗസ്വാമിയുടെ പക്കലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിതവും രാമായണവും ആലേഖനം ചെയ്ത് നാണയങ്ങളുള്ളത്. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ആലേഖനം ചെയ്ത നാണയം,​ഗുഹനോടൊപ്പം ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനായി തോണിയിൽ യാത്ര ചെയ്യുന്നത്, വനവാസത്തിൽ ദണ്ഡകാരണ്യത്തിൽ രാമനും സീതയും ലക്ഷ്മണനുമുള്ള നാണയം,​ രാവണന്റെ മുന്നിൽ കരയുന്ന ശൂർപ്പണക,​ സ്വർണമാനായി എത്തുന്ന മാരീചൻ,​​സമുദ്രത്തിന് കുറുകെ പാലം പണിയുന്ന വാനര സൈന്യം തു‌ടങ്ങിയ സന്ദർഭങ്ങൾ ആലേഖനം ചെയ്ത നാണയങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇവയെല്ലാം മധുരൈ നായിക്കർ,​തഞ്ചാവൂർ നായിക്കർ,ശിവ ഗംഗ,​​​മൈസൂർ രാജവംശം,​വിജയ നഗരം തുടങ്ങിയ കാലഘട്ടങ്ങളിലെ നാണയങ്ങളാണ്.​ഇതിനുപുറമെ കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയടക്കം പതിനായിരക്കണക്കിന് നാണയങ്ങൾ 29 സ്റ്റാളുകളായി പ്രദർശിപ്പിച്ചിട്ടുണ്ട്.കൗതുകകരമായ വസ്തുക്കളും പ്രദർശനത്തിനുണ്ട്. മേള 21ന് അവസാനിക്കും.