പൂജയുടെ അമ്മ ഉപയോഗിച്ചിരുന്ന തോക്ക് പിടിച്ചെടുത്തു

Sunday 21 July 2024 12:37 AM IST

മുംബയ്: വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കർ കർഷകരെ ഭീഷണിപ്പെടുത്താൻ

ഉപയോഗിച്ച തോക്ക പൊലീസ് പിടിച്ചെടുത്തു. പൂനെയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് ബുള്ളറ്റുകളും പിടിച്ചെടുത്തു. ഇവരുടെ എസ്.യു.വി കാറും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ചയാണ് വീട്ടിൽ പരിശോധന നടന്നത്. ഈ സമയം ചില കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം. തോക്കിന്റെ ലൈസൻസും കണ്ടെത്തിയെന്നും മറ്റ് പ്രധാനപ്പെട്ട രേഖകളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അതിനിടെ മനോരമയുടെ കസ്റ്റഡി പൂനെ കോടതി നാളെ വരെ നീട്ടി.

കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ മനോരമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വധശ്രമം ഉൾപ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു.

പിന്നാലെ ഒളിവിൽപോയ മനോരമയെ വ്യാഴാഴ്ച റായ്ഗഡിലെ ലോഡ്ജിൽനിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ മനോരമയും ഭർത്താവ് ദിലീപ് ഖേദ്‌കറും മറ്റ് അ‌ഞ്ച് പേരും പ്രതികളാണ്. അതിനിടെ ദിലീപ് ഖേദ്കർ മനോരമയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. മാദ്ധ്യമങ്ങളുൾപ്പെടെ ഒരു വീഡിയോ ക്ലിപ്പ് മാത്രമാണ് കാണിക്കുന്നത്.സംഭവ സമയം നാട്ടുകാരിൽ ഒരാൾ വടിയുമായി അവരുടെ അടുത്തേക്ക് വന്നു. സ്വയം പ്രതിരോധത്തിനായി തോക്ക് ഉപയോഗിച്ചു.

തോക്കിന് ലൈസൻസുണ്ട്.- അദ്ദേഹം പറഞ്ഞു. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ദിലീപിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഈ മാസം 25 വരെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് പൂനെ സെഷൻസ് കോടതി ഉത്തരവ്.

പൂജയുടെ ഐ.എ.എസ് റദ്ദാക്കാനുള്ള നടപടികൾ യു.പി.എസ്.സി ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇതിന് മുന്നോടിയായി പൂജയ്ക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചു. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉൾപ്പെടെ നേരിടുന്ന പൂജയ്ക്കെതിരെ ഡൽഹി പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യു.പി.എസ്.സി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരീക്ഷാ അപേക്ഷയിൽ തട്ടിപ്പ് നടത്തിയതിനും കാഴ്ച പരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പൂജയ്‌ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ട് പ്രകാരവും പൂജയ്‌ക്കെതിരെ കേസുണ്ട്. ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞാൽ പൂജയുടെ ഐ.എ.എസ് റദ്ദാക്കും.

എം.ബി.ബി.എസ് പഠനവും സംശയ നിഴലിൽ

വ്യാജരേഖ ചമച്ചുൾപ്പെടെയാണ് സിവിൽ സർവീസ് പരീക്ഷ ജയിച്ചതെന്ന് കണ്ടെത്തിയതിനുപിന്നാലെ പൂജയുടെ എം.ബി.ബി.എസ് പഠനവും സംശയനിഴലിൽ. പട്ടികവർഗ സംവരണ സീറ്റിലാണ് പൂജ എം.ബി.ബി.എസ് പഠിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഡൽഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.