പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പ്രശ്‌നപരിഹാരത്തിന് കാലതാമസം പാടില്ല
തൃശൂർ: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ സംരക്ഷണത്തിനാവശ്യമായ നിയമം നിലനിൽക്കുമ്പോഴും നിയമം നടപ്പിലാക്കുന്നതിൽ ജാഗ്രതക്കുറവും പ്രശ്‌നപരിഹാരത്തിന് കാലതാമസവും വരുത്താൻ പാടില്ലെന്ന് പട്ടികജാതി, പട്ടികഗോത്രവർഗ്ഗ കമ്മിഷൻ അംഗം ടി.കെ.വാസു. അദാലത്തിൽ പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മിഷൻ മെമ്പർമാരായ ടി.കെ.വാസു, അഡ്വ.സേതു നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ 34 പരാതികൾ തീർപ്പാക്കി. 43 പരാതികൾ പരിഗണിച്ചതിൽ 9 പരാതികൾ തുടർനടപടികൾക്കായി മാറ്റി. അദാലത്തിൽ 15 പരാതികളും ലഭിച്ചു. കൊവിഡ്മൂലം 2019 മുതൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതും, വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും പരാതി എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമ്മിഷൻ നേരിൽ കേട്ടാണ് പരാതികൾ തീർപ്പാക്കിയത്. സെക്ഷൻ ഓഫീസർ വിനോദ്കുമാർ, അസിസ്റ്റന്റുമാരായ എസ്. വിനു, കെ. മുരുകൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.