ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുക ഇടതു നടുവിരലില്‍

Sunday 21 July 2024 1:17 AM IST

തൃശൂർ: ജൂലായ് 30ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. 2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് തീരുമാനം. ഈ നിർദ്ദേശം 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനായി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടറുടെ ഇടതുചൂണ്ടുവിരലിൽ മഷിയടയാളം നേരത്തേ ഉണ്ടെങ്കിൽ വോട്ട് ചെയ്യാനാകില്ല. അതിനാലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം പുറപ്പെടുവിച്ചത്.