യുക്രെയിൻ സംഘർഷം അവസാനിപ്പിക്കും: ട്രംപ്
വാഷിംഗ്ടൺ: യുക്രെയിൻ - റഷ്യ സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കുമെന്ന് യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. സെലെൻസ്കിയുമായി വളരെ നല്ല സംഭാഷണമാണ് നടന്നതെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപുമായി സംസാരിച്ചെന്നും യു.എസ് നൽകുന്ന സൈനിക സഹായത്തിന് നന്ദിയുണ്ടെന്നും സെലെൻസ്കി അറിയിച്ചു. എന്നാൽ 2022 ഫെബ്രുവരി മുതൽ തുടരുന്ന റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രതികരണം സെലെൻസ്കി നടത്തിയിട്ടില്ല.
അധികാരത്തിലെത്തിയാൽ യുക്രെയിനിൽ സമാധാനം കൊണ്ടുവരുമെന്ന് ട്രംപ് ഇതിന് മുമ്പും പ്രതികരിച്ചിട്ടുണ്ട്. നിലവിൽ യുക്രെയിന്റെ 20 ശതമാനം പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്ന് റഷ്യ പിന്മാറിയാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സെലെൻസ്കി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.