മാലിന്യങ്ങളുമായി വീണ്ടും വെള്ള ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Sunday 21 July 2024 11:08 AM IST

സിയോൾ: ദക്ഷിണ കൊറിയയിലെ പൊതുയിടങ്ങളിൽ കൂടുതൽ മാലിന്യങ്ങൾ പറത്തിവിട്ട് ഉത്തരകൊറിയ. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തര കൊറിയ ബലൂകൾക്കൊപ്പം ദക്ഷിണ കൊറിയയിലേക്ക് മാലിന്യം തള്ളുകയാണ്. തെക്കൻ പ്യോഗ്യാങ് വിരുദ്ധ വികാരം പ്രകടിപ്പിച്ചതിനുള്ള പ്രതികരണമായിട്ടാണ് ഉത്തര കൊറിയ മാലിന്യവുമായുള്ള വെള്ള ബലൂണുകൾ പറത്തുന്നത്.


പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയ അധികൃതർ മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയ ഉച്ചഭാഷിണി സംപ്രേക്ഷണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഉത്തര കൊറിയ ബലൂണുകൾ പറത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി.

ഇതിനുമുമ്പും ഉത്തരകൊറിയ സമാന രീതിയിൽ ബലൂണുകൾ പറത്തിവിട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ബലൂണുകൾ നിറയെ മാലിന്യവും ടോയ്‌ലറ്റ് പേപ്പറുകളും മൃഗങ്ങളുടെ വിസർജ്യവുമായി കണ്ടെത്തിയതായി ദക്ഷിണ കൊറിയ കഴിഞ്ഞ മേയിൽ അറിയിച്ചിരുന്നു.

വെള്ള നിറത്തിലുള്ള വലിയ ബലൂണുകളും അവയിൽ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും തൊടരുതെന്ന് സൈന്യം അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണ കൊറിയൻ ആക്ടിവിസ്റ്റുകൾ രാജ്യത്ത് പതിവായി ലഘുലേഖകളും മറ്റ് മാലിന്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്ക് ശേഷമായിരുന്നു അന്ന് ബലൂണുകൾ കണ്ടെത്തിയത്.

ടോയ്‌ലറ്റ് പേപ്പറും കറുത്ത മണ്ണും ബാറ്ററികളും അടക്കമുള്ള മാലിന്യങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്‌തിരുന്നു. ചില ബലൂണുകളിൽ മനുഷ്യവിസർജ്ജനം ഉണ്ടെന്ന് ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു.

Advertisement
Advertisement