കർക്കിടകത്തിലെ ആരോഗ്യ പരിചരണം എങ്ങനെ? വെറും 999 രൂപ മുടക്കിയാൽ കാര്യം നടക്കും
കോട്ടയം: ഔഷധസേവയും ഉഴിച്ചിലും മുതൽ പഞ്ചകർമ്മ ചികിത്സ വരെ... തിരുമ്മൽ പാക്കേജുകൾ ഉൾപ്പെടെ പ്രഖ്യാപിച്ച റിസോർട്ടുകളിൽ കർക്കടക ചികിത്സക്ക് തിരക്കായി. എല്ലായിടത്തും അഡ്വാൻസ് ബുക്കിംഗാണ്. മുറി കിട്ടാനില്ല. ദിവസം 999 രൂപ മുതൽ അഞ്ചു ദിവസം, ഒരാഴ്ച, രണ്ടാഴ്ച എന്നിങ്ങനെയുള്ള പാക്കേജാണ് സ്വകാര്യ ആയുർവേദ സ്ഥാപനങ്ങളുടേത്.
രോഗം വന്നിട്ട് ചികിത്സിക്കുന്നതല്ല. രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുന്നതാണ് ഉത്തമമെന്ന ചിന്തയാണ് ആയുർവേദ കർക്കടക ചികിത്സയുടെ അടിസ്ഥാനം. വിരേചനത്തിൽ ആരംഭിച്ച്, ദഹനത്തെ വർദ്ധിപ്പിക്കുന്ന ഭക്ഷണം, ഔഷധ - രസായന സേവ, പഞ്ചകർമ്മ ചികിത്സ വരെ ഉൾപ്പെടുന്നതാണ് ചികിത്സ. വാതസംബന്ധമായ രോഗങ്ങളിൽ നിന്ന് മുക്തി തേടി എല്ലാ വർഷവും നിരവധിപേർ പാക്കേജുകൾ ബുക്ക് ചെയ്യാറുണ്ട്. മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി ആയുർവേദ ചികിത്സ കുമരകത്തെ റിസോർട്ടുകളും ഹോട്ടലുകളും ആരംഭിച്ചിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ചാണ് പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പാക്കേജുകൾ 30,000 രൂപ വരെ
ഒരുമാസം വരെ നീളുന്ന കർക്കടക പാക്കേജുകൾക്ക് 30,000 രൂപ വരെ ചികിത്സാ ചെലവ് വരും. തിരുമ്മൽ, കിഴി, കഷായം, അരിഷ്ടം, ദേഹശുദ്ധീകരണത്തിനുള്ള നസ്യം എന്നിവയുൾപ്പെടും. ഔഷധക്കഞ്ഞിക്കൂട്ടുമായി കർക്കടക വിപണിയും ഉണർന്നിട്ടുണ്ട്.
അടുത്ത ഒരു വർഷത്തേക്കുള്ള രോഗപ്രതിരോധശേഷി ഉറപ്പുവരുത്തുന്നതാണ് യഥാർത്ഥ കർക്കടക ചികിത്സ. ബിസിനസ് താത്പര്യത്തോടെ പലരും രംഗത്തുള്ളതിനാൽ വൈദ്യ നിർദ്ദേശപ്രകാരം സുഖചികിത്സ തേടുന്നതാണ് ഉത്തമം.- ഡോ.ഗോപാലകൃഷ്ണൻ