മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ അഞ്ച് ലക്ഷം വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു, ആയൂർവേദ ഡോക്ടർ പിടിയിൽ

Sunday 21 July 2024 3:47 PM IST

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ 160.77 ഗ്രാം മെത്താഫിറ്റമിനുമായി ആയൂർവേദ ഡോക്ടർ പിടിയിൽ. മൈസൂർ - പൊന്നാനി കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നുമാണ് മെത്താഫിറ്റമിൻ പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അൻവർഷായാണ് അറസ്റ്റിലായത്.

ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോകവേയാണ് ഇയാൾ പിടിയിലായത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ. 20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതി ദുബായിൽ സ്വന്തമായി ആയൂർവേദ സെന്റർ നടത്തുന്ന ഡോക്ടറാണെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. വിവാഹ ആവശ്യത്തിനായി ഇയാൾ കഴിഞ്ഞ അഞ്ച് മാസമായി നാട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.


എക്സൈസ് ഇൻസ്പെക്ടർ നിധിൻ കെ വിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രഘു എം എ, ലത്തീഫ് കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം, ബാബു ആർ സി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement