പഴത്തൊലിക്ക് ഇങ്ങനെയും ഒരു ഗുണമോ? ഒറ്റ ഉപയോഗത്തിൽ തന്നെ അത്ഭുതകരമായ മാറ്റം കാണാം
പഴത്തിൽ നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. പഴംപൊരിയായും, ഉന്നക്കായയായും പഴം മാത്രമായുമൊക്കെ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ പഴം പോലെ തന്നെ പഴത്തൊലിക്കും ഒരുപാട് ഗുണങ്ങളുണ്ടെന്ന് നിങ്ങളിൽ എത്രപേർക്ക് അറിയാം.
സ്റ്റീൽ (പ്ലേറ്റുകളും മറ്റും), സിൽവർ വസ്തുക്കളൊക്കെ പഴത്തൊലി കൊണ്ട് നന്നായി തേച്ചാൽ അഴുക്കെല്ലാം മാറി വെട്ടിത്തിളങ്ങുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. കൂടാതെ വാട്ടർ ടാങ്കുകളിൽ ചെറിയ രീതിയിലുള്ള അഴുക്കാണുള്ളതെങ്കിൽ അവയും പഴത്തൊലി ഉപയോഗിച്ച് വൃത്തിയാക്കാം. ഇത് വെള്ളത്തിലിട്ട് വച്ച് കുറച്ചുസമയത്തിന് ശേഷം എടുത്തുകളഞ്ഞാൽ മതി. അഴുക്കുകൾ പഴത്തൊലി വലിച്ചെടുക്കും. ഒരുപാട് അഴുക്കുണ്ടെങ്കിൽ ഈ രീതി പ്രാവർത്തികമല്ല.
മുഖക്കുരുവിനെയും പാടുകളെയും അകറ്റാനും പഴത്തൊലി സഹായിക്കും. ആദ്യം ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ശേഷം മുഖം തുടയ്ക്കുക. ഇനി പഴത്തൊലി ഉപയോഗിച്ച് മുഖത്ത് നന്നായി മസാജ് ചെയ്യുക. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. ഒറ്റ ഉപയോഗത്തിൽ റിസൽട്ട് പ്രതീക്ഷിക്കരുത്. പതിയെ മാത്രമേ മാറുകയുള്ളൂ.
അതേസമയം, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അലർജിയോ മറ്റോ ഉള്ളവർ പാച്ച് ടെസ്റ്റോ മറ്റോ നടത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എന്തും മുഖത്ത് പുരട്ടാൻ പാടുള്ളൂ.
പല്ലിന്റെ മഞ്ഞ നിറം കളയാൻ ഏത്തപ്പഴത്തിന്റെ തൊലി സഹായിക്കും. പഴത്തൊലിയുടെ ഉൾഭാഗം കൊണ്ട് പല്ല് നന്നായി തേച്ചുകൊടുക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ പല്ലിലെ കറ അപ്രത്യക്ഷമാകും. എന്നാൽ എന്തെങ്കിലും രോഗം മൂലമാണ് പല്ല് മഞ്ഞ നിറമായതെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടി വരും.