അടിപതറിയ യു.പിയിൽ ബി.ജെ.പി അറ്റകുറ്റപ്പണി

Monday 22 July 2024 3:10 AM IST

അയോദ്ധ്യ രാമക്ഷേത്രം യാഥാത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റുകൾ ലക്ഷ്യമിട്ടത് ഉത്തർപ്രദേശ് തൂത്തുവാരുമെന്ന പ്രതീക്ഷയിലായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളിൽ ആ കണക്കുകൂട്ടൽ അതിരുകടന്നതാണെന്ന് പറയാനുമാകുമായിരുന്നില്ല. തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷം നേടാനാകാതെ സഖ്യകക്ഷികളുടെ സഹായത്തോടെ അധികാരത്തിലേറേണ്ടി വന്ന ബി.ജെ.പിക്ക് തിരിച്ചടിയായത് ഏറെ പ്രതീക്ഷയർപ്പിച്ച യു.പി ഫലമായിരുന്നു. രാമക്ഷേത്രം തരംഗമുണ്ടാകുമെന്ന് കരുതിയ പാർട്ടിക്ക്,​ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഉൾപ്പെട്ട ഫൈസാബാദിലെ തോൽവി നാണക്കേടുമായി. കണക്കുകൂട്ടലുകൾ പിഴച്ച യു.പി യിൽ ബി.ജെ.പിയെ കൂടുതൽ കുഴപ്പിക്കുന്നതിന്റെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

യോഗിയിൽ

കലാപം

80 സീറ്റുകളുള്ള യു.പിയിൽ 2019-ലെ 62-ൽ നിന്ന് 2024-ൽ സീറ്റ് 33 ആയി കുറഞ്ഞതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി യോദി ആദിത്യനാഥിനുമേൽ കെട്ടിവയ്‌ക്കുകയാണ് ഒരു വിഭാഗം. അതിനു നേതൃത്വം നൽകുന്നതാവട്ടെ കേന്ദ്രത്തിൽ പിടിയുള്ള ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും. യോഗി ആദിത്യനാഥിന്റെ നേതൃത്വ ശൈലിയിൽ മൗര്യയും മറ്റ് മുതിർന്ന നേതാക്കളും നേരത്തേ തന്നെ കേന്ദ്ര നേതൃത്വത്തെ അതൃപ്‌തി അറിയിച്ചിരുന്നു. യോഗിയുടെ സർക്കാരും പാർട്ടിയും തമ്മിലുള്ള ഭിന്നത ദിവസംതോറും രൂക്ഷമാവുകയാണ്.


യുപിയിൽ ബി.ജെ.പി മോശം അവസ്ഥയിലാണെന്നും പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2027-ൽ അധികാരത്തിൽ വരാനിടയില്ലെന്നും ബദ്‌ലാപൂർ എം.എൽ.എ രമേഷ്ചന്ദ്ര മിശ്ര തുറന്നടിച്ചിട്ടുണ്ട്. യു.പിയിൽ അഴിമതി പലമടങ്ങ് വർദ്ധിച്ചതായി മുൻ സംസ്ഥാന മന്ത്രി മോത്തി സിംഗ് ആരോപിക്കുന്നു. മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകിയതിനാൽ തങ്ങൾക്ക് വിലയില്ലാതായെന്ന് എം.എൽ.എമാർക്കും പാർട്ടി ഭാരവാഹികൾക്കും പരാതിയുണ്ട്. മുഖ്യമന്ത്രി തങ്ങളുടെ സങ്കടം മനസിലാക്കിയില്ലെന്നും അവർ പറയുന്നു. എം.എൽ.എയ്ക്ക് അധികാരമില്ല. ജില്ലാ മജിസ്‌ട്രേട്ടുമാരും ഉദ്യോഗസ്ഥരുമാണ് ഭരണം. പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ സഹായിച്ച ആർ.എസ്.എസുമായുള്ള ബന്ധത്തിലെ ഉലച്ചിലും തോൽവിക്ക് കാരണമായതായി പറയുന്നു.


എന്നാൽ,​ പാർട്ടിയുടെ സമീപകാല പ്രകടനത്തിൽ യോഗി ആദിത്യനാഥിന് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത് സ്ഥാനാർഥി നിർണയത്തിലെ പിഴവാണെന്നും തനിക്ക് അതിൽ പങ്കില്ലായിരുന്നുവെന്നും യോഗി പറയുന്നുണ്ട്. കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചത് ജനപ്രീതിയില്ലാത്ത സ്ഥാനാർത്ഥികളെയാണെന്ന പരാതിയും അദ്ദേഹത്തിനുണ്ട് (യോഗിക്ക് താത്‌പര്യമുള്ള സ്ഥാനാർത്ഥികളാണ് ജയിച്ചവരിൽ കൂടുതലും).

തിരഞ്ഞെടുപ്പിൽ അമിതവിശ്വാസം വിനയായെന്നും പ്രതിപക്ഷത്തിന്റെ നുണപ്രചാരണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. രാമക്ഷേത്രത്തിന്റെ പേരിൽ യു.പിയിൽ ക്രെഡിറ്റ് എടുക്കാനിരുന്ന കേന്ദ്ര നേതൃത്വം പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്ന പരാതി യോഗിയുടെ അനുയായികൾക്കുണ്ട്. പ്രധാനമന്ത്രി പദത്തിലേക്കു വരെയെത്താൻ സാദ്ധ്യതയുള്ള യോഗിയെ പിന്നോട്ടടിപ്പിക്കാനുള്ള നീക്കമായും അവരിതിനെ കാണുന്നു.

പാളിപ്പോയ

സമവാക്യം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഒരുകാരണം ഒ.ബി.സി, ദളിത് വോട്ടർമാർ ബി.ജെ.പിയിൽ നിന്ന് അകന്നതാണെന്ന വിലയിരുത്തലുണ്ട്. മുന്നാക്ക ജാതിക്കാരുടെയും യാദവ ഇതര ദളിത്- ഒ.ബി.സി വിഭാഗത്തിന്റെയും കൂട്ടായ്മയാണ് യു.പിയിൽ ബി.ജെ.പിയുടെ ഉയർച്ച സാദ്ധ്യമാക്കിയത്. മുന്നാക്ക ജാതികളുടെ പിന്തുണ തുടരുമ്പോഴും യാദവ ഇതര, ദളിത്, കുർമി-കൊയേരി, ഒ.ബി.സി വോട്ടുകളിൽ വൻ ഇടിവുണ്ടായി. ദളിത് വോട്ടുകളുടെ മൂന്നിലൊന്നു മാത്രമാണ് പാർട്ടിക്ക് നേടാനായത്. ഈ മേഖലകളിൽ സ്വാധീനമുണ്ടായിരുന്ന ബി.എസ്.പി പിന്നാക്കം പോയെങ്കിലും,​ ആ വോട്ടുകൾ ബി.ജെ.പിക്കു ലഭിച്ചില്ല. അവരുടെ മേഖലകളിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പടർന്നുകയറി. വിശ്വാസം വീണ്ടെടുക്കാൻ താക്കൂർ സമുദായക്കാരനായ യോഗിയെ മാറ്റി ഒ.ബി.സി അല്ലെങ്കിൽ ദളിത് മുഖ്യമന്ത്രിയെ കൊണ്ടുവരണമെന്ന വാദവുമുണ്ട്.

പരാജയ കാരണങ്ങൾ വിശദമാക്കി സംസ്ഥാന ഘടകം സമർപ്പിച്ച റിപ്പോർട്ടിൽ പേപ്പർ ചോർച്ച, കരാർ നിയമനം തുടങ്ങിയവയും തിരിച്ചടിയായെന്നാണ് പറയുന്നത്. പഴയ പെൻഷൻ പദ്ധതി പോലുള്ള വിഷയങ്ങൾ മുതിർന്ന പൗരന്മാരെയും അഗ്നിവീർ പദ്ധതി യുവാക്കളെയും അകറ്റി. എല്ലാ മേഖലകളിലും വോട്ട് വിഹിതത്തിൽ എട്ടു ശതമാനം ഇടിവുണ്ടായെന്നും കണ്ടെത്തി. നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലത്തിലെ തിരിച്ചടി ഗൗരവത്തോടെ കാണണമെന്നാണ് മുന്നറിയിപ്പ്. ഭാവി തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് നിർണായക നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുന്നു.

പരാജയം സഖ്യകക്ഷികളെയും നിരാശരാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായപ്പോൾത്തന്നെ കാര്യങ്ങൾ സുഗമമല്ലെന്നു മനസിലായെന്ന് അപ്‌നാ ദൾ നേതാവും കേന്ദ്ര സഹമന്ത്രിയുമായ അനുപ്രിയ പട്ടേൽ പറയുന്നു. കയ്യേറ്റങ്ങൾക്കെതിരായ യോഗിയുടെ ബുൾഡോസർ നയം സാധാരണക്കാരെ വെറുപ്പിച്ചെന്നാണ് നിഷാദ് പാർട്ടി തലവനും യു.പി മന്ത്രിയുമായ സഞ്ജയ് നിഷാദിന്റെ അഭിപ്രായം.

തല മാറാതെ

പരിഹാരം

ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ എം.എൽ.എമാർ രാജിവച്ചത് ഉൾപ്പെടെ ഒഴിവുവരുന്ന 10 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തത്‌ക്കാലം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംസ്ഥാന നേതാക്കൾക്ക് കേന്ദ്രനേതൃത്വം നൽകിയ നിർദ്ദേശം. അതുവരെ നേതൃമാറ്റം ഉണ്ടാകില്ല. മുതിർന്ന പാർട്ടി നേതാക്കൾ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി നഷ്‌ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ വോട്ടർമാരുമായി ബന്ധപ്പെടും. ഇപ്പോൾ യോഗിയെ മാറ്റിയാൽ തിരിച്ചടിയുണ്ടാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രധാനം യോഗിയുടെ ജനപ്രീതി തന്നെ. മാഫിയാ സംഘങ്ങൾക്കും അനധികൃത കയ്യേറ്റങ്ങൾക്കുമെതിരെ കടുത്ത നടപടിയെടുത്ത് ക്രമസമാധാനമുറപ്പിച്ച യോഗിയുടെ 'ബുൾഡോസർ ബാബ" പ്രതിച്ഛായ യു.പിയിൽ തത്കാലം പാർട്ടിക്കു വേണം.

Advertisement
Advertisement