നിപ പ്രതിരോധത്തിന് അടിയന്തര നിർദ്ദേശങ്ങളുമായി കേന്ദ്രം,​ പ്രത്യേക സംഘം കേരളത്തിലേക്ക്

Sunday 21 July 2024 7:21 PM IST

ന്യൂഡൽഹി : കേരളത്തിൽ വീണ്ടും നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തിന് അടിയന്തര നിർദ്ദേശങ്ങളുമായി കേന്ദ്രം. സജീവ കേസുകളും സമ്പർക്കപ്പട്ടികയും കണ്ടെത്തുന്നതുൾപ്പെടെ നാല് അടിയന്തര പൊതുആരോഗ്യ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. നിപ പ്രതിരോധ പ്രവർത്തനത്തിന് കേന്ദ്രസംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങളുൾപ്പെടുന്ന കേന്ദ്രസംഘത്തെയാണ് വിന്യസിക്കുന്നത്.

നിപ ബാധിച്ച് മരണമടഞ്ഞ മലപ്പുറം സ്വദേശിയായ 14കാരന്റെ കുടുംബത്തിലും അയൽപക്കത്തും നിപ ബാധ കണ്ടെത്തിയ പ്രദേശത്തിന് സമാനഭൂപ്രകൃതിയുള്ള മേഖലകളിലും സജീവ രോഗികളുണ്ടോ എന്നത് സംബന്ധിച്ച് ഉടൻ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. 14കാരന് നിപ സ്ഥിരീകരിക്കുന്നതിന് 12 ദിവസങ്ങൾക്ക് മുമ്പുവരെ സമ്പർക്കമുണ്ടായവരിൽ രോഗലക്ഷണങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കാനും വൈറസ് വ്യാപനം പ്രതിരോധിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെയും സമ്പർക്കം സംശയിക്കുന്നവരെയും സംബന്ധിച്ച വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാനും രോഗബാധ കണ്ടെത്തുന്നതിന് ഇവരുടെ സ്രവപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ക്വാറന്റീൻ ചെയ്യാനും രോഗലക്ഷണങ്ങൾ സംശയിക്കുന്നവരെ മാറ്റിപാർപ്പിക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം നിപ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ ഐ.സി.എം.ആർ അയച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Advertisement
Advertisement