പേട്ട മൂന്നാംമനയ്ക്കൽ ക്ഷേത്രത്തിൽ മോഷണം
തിരുവനന്തപുരം: പേട്ട മൂന്നാംമനയ്ക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി. പ്രധാന നടയ്ക്ക് മുന്നിൽ സോപാനത്തിനകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയാണ് രണ്ട് പൂട്ടുകൾ പൊട്ടിച്ച് മോഷ്ടിച്ചത്. സമീപത്തെ വീട്ടിൽ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇന്നലെ പുലർച്ചെ 3നും 3.50നും ഇടയിലായിരുന്നു മോഷണമെന്ന് കണ്ടെത്തി.
മുൻപ് മൂന്നുവട്ടം ഇവിടുത്തെ പ്രധാന കാണിക്കവഞ്ചിയും ഒരുവട്ടം ഉപദേവതകൾക്ക് മുന്നിലുള്ള ചെറിയ കാണിക്കവഞ്ചിയും മോഷണം പോയിരുന്നു. ഒരുവട്ടം മോഷ്ടാവ് കാണിക്കവഞ്ചി ചാക്ക പാലത്തിന് താഴെ ഉപേക്ഷിച്ചിരുന്നു. ഇന്നലെ മോഷ്ടിച്ച കാണിക്കവഞ്ചി പണമെടുത്ത ശേഷം ക്ഷേത്രത്തിന് സമീപമുള്ള മൂലക്ഷേത്രത്തിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പലവട്ടം മോഷണമുണ്ടായ സാഹചര്യത്തിൽ ക്ഷേത്രത്തിൽ രാത്രിയിലും ലൈറ്റുകൾ ഇടാറുണ്ടായിരുന്നു. എന്നാൽ മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് മോഷ്ടാവ് കൃത്യം നിർവഹിച്ചത്. പേട്ട സ്റ്റേഷനിൽ നിന്ന് പൊലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് മുഖം മറച്ചിരുന്നില്ല. അതേസമയം, സി.സി ടിവി ദൃശ്യങ്ങൾ അവ്യക്തമാണെന്നും പ്രതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.