രണ്ടാം ക്ലാസുകാരന്റെ സമയോചിത ഇടപെടൽ: ലാബ് മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചയാൾ പിടിയിൽ

Monday 22 July 2024 1:44 AM IST

പുന്നയൂർ : മാലിന്യം തള്ളുന്നത് കണ്ട രണ്ടാം ക്ലാസുകാരന്റെ ഇടപെടലിൽ മാലിന്യം തള്ളിയ ആൾ പിടിയിലായി. പുന്നയൂർ പഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം രണ്ട് ചാക്കുകളിലായി ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകൾ, യൂറിൻ കണ്ടെയ്‌നർ എന്നിവയാണ് അലക്ഷ്യമായി നിക്ഷേപിച്ചത്. ആറ്റുപുറം സെന്റ് ആന്റണീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പാതിയിറക്കൽ നിഷാദിന്റെ മകൻ ഇബ്രാഹിം നാസിം മദ്രസയിൽ നിന്നും വരുമ്പോൾ മാലിന്യക്കെട്ടുകൾ തള്ളുന്നത് കാണുകയും വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ, ഹെൽത്ത് ഇൻസ്‌പെക്ടർ രോഹിണി സോമസുന്ദരൻ, ഐ.ആർ.ടി.സി കോ-ഓർഡിനേറ്റർ ബി.എസ്. ആരിഫ എന്നിവർ സ്ഥലത്തെത്തുകയും പരിശോധനയിൽ മന്ദലാംകുന്ന് ഹെൽത്ത് കെയർ ഹൈടെക് ലാബാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തുകയും 50,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകുകയും ചെയ്തു. വടക്കേക്കാട് പൊലീസിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മാലിന്യം തള്ളിയ സ്ഥാപന ഉടമയെ സ്ഥലത്ത് ഹാജരാകാൻ നിർദ്ദേശം നൽകുകയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമ സ്ഥലത്തെത്തി മാലിന്യം നീക്കുകയും ചെയ്തു.

Advertisement
Advertisement