അനധികൃത കന്നുകാലി കശാപ്പ് കണ്ടെത്തി
പടിയൂർ : പടിയൂർ പഞ്ചായത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതായി കണ്ടെത്തി. എട്ടാം വാർഡിൽ മതിലകം പാലത്തിന് സമീപം ചെട്ടിയങ്ങാടി എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിർമ്മാണം പാതിയായ കെട്ടിടത്തിലാണ് അനധികൃതമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതായി കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടിനായുളള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തത് മൂലം നമ്പർ പോലും ലഭിച്ചിട്ടില്ല. ഈ കെട്ടിടത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനധികൃതമായി കന്നുകാലികളെ കശാപ്പ് ചെയ്ത് വാഹനങ്ങളിൽ മറ്റ് ഇടങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് വിജി രതീഷിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ജീവനക്കാരും കാട്ടൂർ പൊലീസും കെട്ടിടത്തിൽ പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയിൽ മാംസം കയറ്റിക്കൊണ്ട് പോകാനായെത്തിയ വാഹനവും കെട്ടിടത്തിനുള്ളിൽ ഡ്രമിലാക്കിയ നിലയിൽ അറവ് മാലിന്യങ്ങളും അറക്കാനുള്ള കന്നുകാലികളെയും കണ്ടെത്തി. അനധികൃത പ്രവൃത്തി ചെയ്തവർക്കെതിരെ പിഴ ഉൾപ്പടെയുള്ള കർശനനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.