സമ്പൂർണ ബഡ്‌ജറ്റ് നാളെ, മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് മുതൽ

Monday 22 July 2024 12:23 AM IST

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വയ്‌ക്കും. നാളെ സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവാദ വിഷയങ്ങളിൽ പ്രതിപക്ഷം സഭ പ്രക്ഷുബ്‌ധമാക്കിയേക്കും.

സാമ്പത്തിക വളർച്ച, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവ ത്വരിതപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നു. കേരളത്തിന് നിർണായകമായ കോഫി (പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ് ), റബ്ബർ (പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ്) തുടങ്ങി ആറുബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരിന്റെ ബഡ്‌ജറ്റും അവതരിപ്പിക്കും. ആഗസ്റ്റ് 12 വരെയാണ് സമ്മേളനം.

സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോഗം ഇന്നലെ ചേർന്നു. നീറ്റ് പരീക്ഷ, തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള കാവട് യാത്രാ വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ വിവാദ ഉത്തരവ്, ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണം എന്നിവ 'ഇന്ത്യ' മുന്നണി പാർട്ടികൾ യോഗത്തിൽ ഉന്നയിച്ചു. നീറ്റ് വിവാദത്തിൽ കോൺഗ്രസ് പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടു.

Advertisement
Advertisement