അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ജോ ബൈഡന്‍ പിന്‍മാറി; കമലാ ഹാരിസെങ്കില്‍ ജയം ഉറപ്പിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്

Monday 22 July 2024 12:04 AM IST

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന്‍ പിന്‍മാറി. സമൂഹമാദ്ധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജോ ബൈഡന്‍ തന്റെ പിന്‍മാറ്റം അറിയിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു.

അമേരിക്കയുടേയും ഒപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും നല്ലതിനെക്കരുതിയാണ് പിന്‍മാറ്റമെന്ന് അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം കൂടി മാത്രം ബാക്കിയുള്ളപ്പോഴാണ് ബൈഡന്‍ പിന്‍മാറിയിരിക്കുന്നത്. നിലവില്‍ കൊവിഡ് ബാധിതനായ അദ്ദേഹം ഐസൊലേഷനിലാണ്. ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം തന്റെ ജയം ഉറപ്പായിക്കഴിഞ്ഞുവെന്നും കമലാ ഹാരിസിനെ തോല്‍പ്പിക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നും ട്രംപ് പ്രതികരിച്ചു.

Advertisement
Advertisement