എൻ.ഡി.എ സർക്കാർ ഉടൻ വീഴുമെന്ന് മമതയുടെ മഹാറാലിയിൽ അഖിലേഷും

Monday 22 July 2024 12:24 AM IST

കൊൽക്കത്ത:ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിച്ച രക്തസാക്ഷി ദിന
മഹാറാലിയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. കേന്ദ്രത്തിലെ ബി.ജെ. പി സർക്കാരിന് സ്ഥിരത ഇല്ലെന്നും ഉടൻ വീഴുമെന്നും മമതയും അഖിലേഷും റാലിയിൽ പറഞ്ഞു.

പാർലമെന്റ് സമേമേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഇരുവരും

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

ഭീഷണിയും സമ്മർദ്ദ തന്ത്രങ്ങളും പ്രയോഗിച്ചാണ് എൻ. ഡി. എ സർക്കാർ അധികാരത്തിലേറിയത്.സ്ഥിരത ഇല്ലാത്ത ഈ സർക്കാർ ഉടൻ വീഴും - മമത പറഞ്ഞു.

വർഗ്ഗീയ ശക്തികൾ എന്ത് വിലകൊടുത്തും അധികാരത്തിൽ തുടരാനാണ് ശ്രമിക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു. ഈ സർക്കാർ വീഴും. നമുക്ക് സന്തോഷത്തിന്റെ നാളുകൾ വരും. തിരഞ്ഞെടുപ്പിൽ ബംഗാൾ ജനത പോരാടി ബി.ജെ.പിയെ പിന്നിലാക്കി. ഉത്തർപ്രദേശിലും അതുതന്നെ സംഭവിച്ചു- അഖിലേഷ് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ സമാജ്‌വാദിയുടെ മികച്ച പ്രകടനത്തിന് അഖിലേഷിനെ മമത അഭിനന്ദിച്ചു.

38 ശതമാനം വനിതാ എം.പിമാരുള്ള ഏക പാർട്ടിയാണ് തൃണമൂലെന്ന് പറഞ്ഞ മമത,​ രാഷ്ട്രീയത്തിൽ 33 ശതമാനം വനിതാ സംവരണം വാഗ്ദാനം ചെയ്തവർക്ക് അത് നടപ്പാക്കാനായില്ലെന്നും പറഞ്ഞു.

നീറ്ര് ക്രമക്കേടിൽ ബി.ജെ.പിയെയും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനെയും തൃണമൂൽ നേതാവ് അഭിഷേക് ബാനർജി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയെ കേന്ദ്ര ഏജൻസികൾ അറസ്റ്ര് ചെയ്യാത്തതെന്നും ചോദിച്ചു.

1993ൽ കൊൽക്കത്തയിൽ ബംഗാൾ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട 13 പേരുടെ സ്മരണയ്ക്കാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. തൃണമൂലിന്റെ വാർഷിക കലണ്ടറിലെ ഏറ്റവും വലിയ പരിപാടിയാണിത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു.

മമതയുടെ കരുനീക്കങ്ങൾ

കോൺഗ്രസും ( 101)സമാജ് വാദി പാർട്ടിയും ( 37) കഴിഞ്ഞാൽ ഇന്ത്യ മുന്നണിയിലെ മൂന്നാമത്തെ വലിയ പാർട്ടിയാണ് തൃണമൂൽ. 29 എം. പിമാരുണ്ട്. മുന്നണിയിൽ ശക്തി കേന്ദ്രമാകാനാണ് മമത ശമിക്കുന്നത്. മമതയുടെ ക്ഷണ പ്രകാരമാണ് അഖിലേഷ് എത്തിയത്. റാലിക്കുമുമ്പ് മമതയെ വസതിയിലെത്തി സന്ദർശിച്ചു. ഈയിടെ മുംബയിൽ എത്തിയ മമത എൻ. സി. പി അദ്ധ്യക്ഷൻ ശരദ് പവാറുമായും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായും ചർച്ച നത്തിയിരുന്നു.

Advertisement
Advertisement