തടസം അരുതെന്ന് രാജ്നാഥ് സിംഗ്: വിവാദങ്ങൾ പാർല. ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് സമ്മേളത്തിന് മുന്നോടിയായി ഇന്നലെ വിളിച്ച സർവകക്ഷിയോഗത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചു.
ഒരംഗം സഭയിൽ സംസാരിക്കുമ്പോൾ മറ്റംഗങ്ങൾ തടസം നിൽക്കരുതെന്ന് അദ്ധ്യക്ഷനായ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭ്യർത്ഥിച്ചു. പ്രത്യേക സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ തടസമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണിത്. നടപടികൾ സുഗമമായി കൊണ്ടുപോകേണ്ടത് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ അംഗങ്ങൾ പ്രതിബദ്ധരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രതിപക്ഷത്തെ തൃണമൂൽ കോൺഗ്രസ് പങ്കെടുത്തില്ല. നീറ്റ് യു.ജി ആക്ഷേപങ്ങളിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ഹരിദ്വാർ, ഗംഗോത്രി തീർത്ഥാടന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ വിവാദ ഉത്തരവ് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇത് പിൻവലിക്കണമെന്ന് കോൺഗ്രസിലെ ഗൗരവ് ഗൊഗൊയ്, ആംആദ്മിയിലെ സഞ്ജയ് സിംഗ്, സമാജ്‌വാദിയിലെ രാംഗോപാൽ യാദവ്, ഇടതുപാർട്ടികൾ എന്നിവർ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി
എൻ.ഡി.എയിലെ ജെ.ഡി.യു, ലോക് ജൻശക്തി പാർട്ടി (രാംവിലാസ്) എന്നിവർ ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടു. അതല്ലെങ്കിൽ പ്രത്യേക പാക്കേജ് അനുവദിക്കണം. 'ഇന്ത്യ' മുന്നണിയിലെ രാഷ്ട്രീയ ജനതാദളും ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടു. ബിജു ജനതാദൾ ഒഡിഷയ്‌ക്കും സമാനപദവി ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വൈ.എസ്.ആർ കോൺഗ്രസ് ഉന്നയിച്ചപ്പോൾ, എൻ.ഡി.എ സഖ്യത്തിലെ ടി.ഡി.പി മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.