കാവട് യാത്ര: വിവാദ ഉത്തരവിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും

Monday 22 July 2024 1:50 AM IST

ന്യൂഡൽഹി: കാവട് യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ വിവാദ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഒഫ് സിവിൽ റൈറ്റ്സ് എന്ന സന്നദ്ധസംഘടനയാണ് ഹർജി നൽകിയത്.

ഹോട്ടലുകൾ, ധാബകൾ, ഉന്തുവണ്ടികൾ തുടങ്ങിയവയിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന് മുസാഫർനഗർ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ക്രമസമാധാനം നിലനിറുത്താനും ആശയക്കുഴപ്പം ഒഴിവാക്കാനുമാണെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, നടപടി മുസ്ലീം സമുദായത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്നും, സമൂഹത്തിൽ വേർതിരിവുണ്ടാക്കാനാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

വിമർശിച്ച് എൻ.ഡി.എ

സഖ്യകക്ഷികളും

വിവാദനടപടിയെ എൻ.ഡി.എ സഖ്യകക്ഷികളായ എൽ.ജെ.പി, ആർ.എൽ.ഡി, ജെ.ഡി.യു എന്നിവയും വിമർശിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേർതിരിവിനെ പിന്തുണയ്‌ക്കില്ലെന്ന് ലോക്ജൻ ശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് ജെ.ഡി.യു നേതാവ് കെ.സി.ത്യാഗിയും രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയും ആവശ്യപ്പെട്ടു. നിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടു.

Advertisement
Advertisement