'റീൽസ് ചെയ്യാൻ ക്യാമറ ': സ്വർണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ
ന്യൂഡൽഹി: റീൽസ് ചെയ്യുന്നതിന് ഡി.എസ്.എൽ.ആർ ക്യാമറ വാങ്ങാനായി സ്വർണമുൾപ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ആഭരണം മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ. ഡൽഹി ദ്വാരകയിലാണ് സംഭവം.
സ്വന്തം യൂട്യൂബ് ചാനലിനായി വിഡിയോകൾ ചിത്രീകരിക്കാൻ നിക്കോണിന്റെ ക്യാമറ വാങ്ങാനാണ് നീതു യാദവെന്ന 30കാരി ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് മോഷ്ടിച്ചത്. ലക്ഷങ്ങൾ വിലവരുന്ന സ്വർണവും വെള്ളിയും ഉൾപ്പെടുന്ന ആഭരണങ്ങളാണ് എടുത്തത്. ദ്വാരകയിലെ ആഡംബര ബംഗ്ലാവിന്റെ ഉടമ 15നാണ് മോഷണം നടന്നെന്ന് പരാതി നൽകിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപുവരെ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായും പരാതിയിൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നീതുവിനെ കണ്ടെത്തിയത്. ഡൽഹിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.
രാജസ്ഥാൻ സ്വദേശിയായ നീതു, ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കാനാവാതെയാണ് ഡൽഹിയിലേക്കു പോന്നതെന്നും വീട്ടുജോലിക്കാരിയായതെന്നുമാണ് മൊഴി. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ റീലുകൾ ഇടാൻ തുടങ്ങി. കൂടുതൽ വരുമാനം ലഭിക്കണമെങ്കിൽ നല്ല ക്യാമറ ഉൾപ്പെടെ ഉപയോഗിച്ച് ഷൂട്ട് ചെയ്യണമെന്ന ഉപദേശം കേട്ടതുകൊണ്ടാണ് മോഷ്ടിച്ചതെന്നും ഇവർ പറഞ്ഞു.