അമേരി​ക്കൻ പ്രസി​ഡന്റ് തി​രഞ്ഞെടുപ്പ്; ബൈഡൻ പിന്മാറി, പി​ന്മാറ്റം ഡെമോക്രാറ്റി​ക്ക് പാർട്ടി​യി​ൽ നി​ന്നുള്ള സമ്മർദ്ദം കാരണം , ക​മ​ലയ്ക്ക് പി​ന്തു​ണ

Monday 22 July 2024 2:23 AM IST

വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറി. ഡെമോക്രാറ്റിക് പാർട്ടിക്ക് ഉള്ളിൽ നിന്ന് തന്നെ സ്ഥാനാർത്ഥിത്വത്തിന് കടുത്ത എതിർപ്പുയർന്ന സാഹചര്യത്തിലാണ് ബൈഡന്റെ നാടകീയ പിന്മാറ്റം. മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, മുൻ സ്‌പീക്കർ​ നാൻസി പെലോസി എന്നീ പ്രമുഖരുടെയും 35ലധികം നിയമനിർമ്മാണ സഭാംഗങ്ങൾ അടക്കമുള്ളവരുടെയും കടുത്ത എതിർപ്പാണ് പാർട്ടിയിൽ നിന്ന് 81കാരനായ ബൈഡന് നേരിടേണ്ടിവന്നത്. തനിക്ക് പ്രായാധിക്യം ഉണ്ടെന്നേള്ളൂവെന്നും അനാരോഗ്യമില്ലെന്നും ബൈഡൻ കഴിഞ്ഞ ദിവസം പാർട്ടിയിൽ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. എന്നാൽ,​ അടുപ്പക്കാരും എതിർ അഭിപ്രായം പറഞ്ഞതോടെ നിൽക്കക്കള്ളിയില്ലാതെ ബൈഡൻ പിന്മാറുകയായിരുന്നു.

വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ നോമിനിയായി ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിയുടെയും രാജ്യത്തിന്റെയും നല്ലതിനായാണ് തീരുമാനമെന്നും കമലയെ പാർട്ടിയുടെ നോമിനി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്നും അദ്ദേഹം ഇന്നലെ എക്സിലൂടെ അറിയിച്ചു. തന്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു.

ഡെമോക്രാറ്രിക് പാർട്ടിക്കാരനായ പ്രസിഡന്റ് ബിൽ ക്ലിന്റണും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കമല സ്ഥാനാർത്ഥിയായാൽ ഇന്ത്യൻ വംശജ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന ചരിത്രം സൃഷ്ടിക്കപ്പെടും. പ്രസിഡൻഷ്യൽ ഡിബേറ്റിലെ നിരാശാജനകമായ പ്രകടനവും പൊതു മീറ്റിംഗുകളിലടക്കമുണ്ടായ ഓർമ്മക്കുറവും പേരു തെറ്റിച്ചു പറഞ്ഞതും ബൈഡനെ അപഹാസ്യനാക്കിയിരുന്നു.

അതേസമയം,​ബൈഡൻ പിന്മാറുന്നതോടെ ഡൊണാൾഡ് ട്രംപിന്റെ സാദ്ധ്യത വർദ്ധിക്കുകയാണ്. 1968ൽ ലിൻഡൺ ഡി. ജോൺസൺ പ്രസിഡന്റായിരിക്കെ നടന്ന മത്സരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. 

ആഗസ്റ്റ് 19 മുതൽ 22 വരെ ഷിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ വച്ച് തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബൈഡന്റെ തീരുമാനും. കൺവെൻഷനിൽ പാർട്ടിയുടെ പുതിയ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കും. ജനുവരി - ജൂൺ വരെ നടന്ന പാർട്ടി പ്രൈമറിയിൽ 3,949 ഡെലിഗേറ്റുകളിൽ 3,905 പേരും ബൈഡനെയാണ് പിന്തുണച്ചത്.

സംവാദത്തിൽ അടിപതറി

മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായി ജൂണിൽ നടന്ന സംവാദത്തിൽ മോശം പ്രകടനം കാഴ്ച വച്ചതോടെയാണ് ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായത്. അവസാന നിമിഷം വരെ പിന്മാറില്ലെന്ന വാശിയിലായിരുന്നു ബൈഡൻ. ദൈവം ഇറങ്ങിവന്ന് പറഞ്ഞാൽ പിന്മാറാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനിടെ ബൈഡന് കൊവിഡ് ബാധിച്ചു. വിശ്രമം കഴിഞ്ഞ് ഈ ആഴ്ച മുതൽ പ്രചാരണത്തിൽ സജീവമാകാനായിരുന്നു നീക്കം.

 ഇനി ആര് ?

കമലാ ഹാരിസിനാണ് ബൈഡന്റെ പിന്തുണ. എന്നാൽ ട്രംപിനെ വീഴ്ത്താൻ കമലയ്ക്ക് കഴിയില്ലെന്ന അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രമുള്ളതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതും വെല്ലുവിളിയാണ്. മുൻ പ്രഥമ വനിത മിഷേൽ ഒബാമ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം തുടങ്ങിവരുടെ പേരുകളും പകരക്കാരുടെ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. നവംബർ 5നാണ് തിരഞ്ഞെടുപ്പ്. ജനുവരി വരെ ബൈഡൻ പ്രസിഡന്റായി തുടരും.

Advertisement
Advertisement