പറക്കും ചോക്ലേറ്റ് വീട് !

Monday 22 July 2024 7:19 AM IST

ന്യൂയോർക്ക് : ' അപ്" എന്ന ഡിസ്നി ആനിമേറ്റഡ് ചിത്രം പലർക്കും സുപരിചിതമാണ്. തന്റെ മരിച്ചുപോയ ഭാര്യ എല്ലിയുടെ ആഗ്രഹം നിറവേറ്റാനായി പാരഡൈസ് ഫാൾസിലേക്ക് യാത്ര തിരിക്കുന്ന കാൾ എന്ന മുത്തച്ഛന്റെ കഥ. തന്റെ വീടിനെ ആയിരക്കണക്കിന് ബലൂണുകളിൽ കോർത്ത് പാരഡൈസ് ഫാൾസിലേക്ക് പറക്കുന്ന കാളിന്റെ സംഭവബഹുലമായ യാത്രയാണ് അപ്. ചിത്രത്തിലെ പ്രശസ്തമായ പറക്കുന്ന വീടിന് ചോക്ലേറ്റിനാൽ ജീവൻ പകർന്നിരിക്കുകയാണ് അമോറി ഗ്വിചോൻ എന്ന പേസ്ട്രി ഷെഫ്. വീടിന്റെ ചിമ്മിനിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബലൂണുകളുടെ സഹായത്തോടെയാണ് കാളിന്റെ വീട് ആകാശത്ത് പറന്ന് നടക്കുന്നത്. ഈ വീടിനെയും ബലൂണുകളെയും ചോക്ലേറ്റ് കൊണ്ട് അതേ പടി പകർത്തിയ അമോറി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫുഡ് കളർ, ലിക്വിഡ് ചോക്ലേറ്റ്, ബലൂണിന് ആകൃതി നൽകാനുള്ള ഓവൽ കണ്ടെയ്നറുകൾ തുടങ്ങിയവ കൊണ്ട് പറക്കും വീട് നിർമ്മിക്കുന്നതിന്റെ വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 48 മില്യൺ ആളുകൾ ഇതിനോടകം വീഡിയോ കണ്ടു. ഫ്രഞ്ച് വംശജനായ ഇദ്ദേഹം 21ാം വയസ് മുതൽ പേസ്ട്രി രംഗത്ത് പ്രശസ്തനാണ്. ഇപ്പോൾ യു.എസിലെ ലാസ് വേഗാസിൽ ദ പേസ്ട്രി അക്കാഡമിയുടെ സഹസ്ഥാപകൻ കൂടിയാണ്. പലതരത്തിലുള്ള ജീവികളുടെ രൂപങ്ങൾ ചോക്ലേറ്റിൽ തീർത്ത് അമോറി ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ 15 മില്യണിലേറെ ഫോളോവേഴ്സാണ് ഇദ്ദേഹത്തിനുള്ളത്.

Advertisement
Advertisement