ആഹാരം അമിതമായി, യുവതിക്ക് ദാരുണാന്ത്യം
ബീജിംഗ് : ചൈനയിൽ ആഹാരം അമിതമായി കഴിച്ച 24കാരിയായ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ജൂലായ് 14നായിരുന്നു സംഭവമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈവ് ഈറ്റിംഗ് ചാലഞ്ചിൽ പങ്കെടുത്ത പാൻ ഷിയാവോറ്റിംഗ് എന്ന യുവതിയാണ് മരിച്ചത്. തുടർച്ചയായി 10 മണിക്കൂർ വരെ ഭക്ഷണം കഴിക്കുന്ന ചാലഞ്ചുകൾ ഇവർ മുമ്പ് ചെയ്തിട്ടുള്ളതായി പറയുന്നു. ഒറ്റയടിക്ക് പത്ത് കിലോഗ്രാം ഭക്ഷണം വരെ കഴിച്ചിരുന്ന പാന് മാതാപിതാക്കളും സോഷ്യൽ മീഡിയ ഉപഭോക്താക്കളും നിരന്തരം മുന്നറിയിപ്പും നൽകിയിരുന്നു. പാന്റെ വയറിനുള്ളിലെ ഘടന തന്നെ മാറിയെന്നും ഭക്ഷണം ദഹിക്കാതെ അടിഞ്ഞുകൂടിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അപകടകരമായ ഫുഡ് ചാലഞ്ചുകൾ ഏറ്റെടുക്കുന്ന നിരവധി ഇൻഫ്ലുവൻസർമാർ ചൈനയിലുണ്ട്. പാന്റെ മരണ വാർത്ത പുറത്തുവന്നതോടെ ഇത്തരം ചാലഞ്ചുകൾ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ചർച്ച വ്യാപകമായി.