പാർലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും, മലയാളി എംപിമാർക്ക് ഖാലിസ്ഥാൻ ഭീഷണി സന്ദേശം

Monday 22 July 2024 8:38 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനമാരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഡൽഹിയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് സന്ദേശം ലഭിച്ചത്. കേരളത്തിൽ നിന്നുള്ള സിപിഎം രാജ്യസഭാംഗങ്ങളായ വി.ശിവദാസൻ, എ.എ റഹീം എന്നിവർക്കാണ് ഞായറാഴ്‌ച രാത്രി വൈകി ഭീഷണി സന്ദേശം കിട്ടിയത്. 'സിഖ് ഫോർ ജസ്‌റ്റിസ്' എന്ന ഖാലിസ്ഥാൻ തീവ്രവാദ വിഭാഗമെന്ന് അവകാശപ്പെടുന്നവരുടെ സന്ദേശമാണ് ലഭിച്ചത്.

ഖാലിസ്ഥാന് അനുകൂലമല്ലെങ്കിൽ രണ്ട് എംപിമാരും വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിലുണ്ട്. ഇരുവരും ഉടൻതന്നെ സന്ദേശത്തെക്കുറിച്ച് ഡൽഹി പൊലീസിൽ അറിയിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പൊലീസ് വീട്ടിലെത്തി വി. ശിവദാസൻ എം.പിയിൽ നിന്നും വിവരശേഖരണം നടത്തി. പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്ന് വൈകാതെ ഒരുകൂട്ടം യുവാക്കൾ പാർലമെന്റിനുള്ളിൽ ഇരച്ചുകയറി നിറങ്ങളുള്ള പൊടി വിതറിയ സംഭവമുണ്ടായിരുന്നു. നിലവിൽ സി.എസ്.ഐ.എഫിനാണ് പാർലമെന്റിന്റെ സുരക്ഷാ ചുമതല. ശക്തമായ നിയന്ത്രണമാണ് ഇവിടെയുള്ളത്.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കും. നാളെ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവാദ വിഷയങ്ങളിൽ പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയേക്കും.

Advertisement
Advertisement