അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകാൻ സാദ്ധ്യതയെന്ന് രഞ്‌ജിത്ത് ഇസ്രയേൽ, ഷിരൂരിൽ തെരച്ചിൽ പുരോഗമിക്കുന്നു

Monday 22 July 2024 9:02 AM IST

ബംഗളൂരു: ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി കാത്തിരിക്കുകയാണ് കേരളം. സംഭവം നടന്ന് ഏഴാം ദിവസവും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ 7.30ഓടെ ആരംഭിച്ച അന്വേഷണത്തിന് ഇടയ്‌ക്കിടെ പെയ്യുന്ന മഴ പ്രതിബന്ധമാണ്. ഹിറ്റാച്ചി യന്ത്രങ്ങൾക്ക് പോലും അനക്കാനാകാത്ത പാറകൾ വരെ മണ്ണിലുണ്ടെന്നതും തടസമാണെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ പറയുന്നു.

രക്ഷാ പ്രവർത്തനത്തിന് ഇന്നലെ ഉച്ചതിരിഞ്ഞ് സൈന്യമെത്തിയിരുന്നു. ഇന്ന് കരയിലെയും പുഴയിലെയും മണ്ണുമാറ്റി പരിശോധന നടത്താനാണ് തീരുമാനം.അപകടസ്ഥലത്തോട് ചേർന്ന് ഗംഗാവാലി പുഴയിൽ ഇടിഞ്ഞുതാണ മണ്ണ് നീക്കിയും പരിശോധിക്കും. കരയിലെ പരിശോധനക്ക് ശേഷമാകും പുഴയിൽ വിശദമായി പരിശോധന നടക്കുക. അ‌ർജുന്റെ ബന്ധുക്കൾ ഷിരൂരിലുണ്ട്. അർജുനെ കാണാതെ ഇവർ മടങ്ങില്ല.

അതേസമയം അർജുന്റെ ലോറി കരയിൽ തന്നെയാകാമെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിന്റെ നിഗമനം. റോ‌ഡിൽ മലയോട് ചേർന്നഭാഗത്ത് ലോറിയുണ്ടാകാമെന്നാണ് രഞ്ജിത്ത് വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സാദ്ധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്നും എന്നാൽ അത്യാധുനിക റഡാർ സംവിധാനം എത്താത്തത് പോരായ്‌മയാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിൽ രൂപപ്പെട്ട ദ്വീപുകൾ പോലുള്ള മണൽക്കൂനകളുടെ ഉള്ളിലാകാം അർജുനും ലോറിയും എന്നാണ് പുതിയ നിഗമനം. ഇവിടെ തെരയാൻ വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ കൊണ്ടുവരും. ബെലഗാവിയിൽ നിന്നുള്ള മേജർ അഭിഷേകിന്റെ നേതൃത്വത്തിൽ 40 സൈനികർ എത്തിയെങ്കിലും റഡാർ ഇല്ലാത്തത് തടസമായി. സൈന്യത്തിന്റെ തെരച്ചിലും രാത്രി ഏഴരയോടെ നിറുത്തി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാലാണ് തെരച്ചിൽ നിറുത്തേണ്ടിവന്നത്. റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കിയെന്നും ഇത്രയും തെരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നും കർണാടക റവന്യു മന്ത്രി പറഞ്ഞിരുന്നു.

Advertisement
Advertisement