ജമ്മു കാശ്മീരിൽ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം; ജവാന് പരിക്കേറ്റു

Monday 22 July 2024 9:53 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ ആർമി പിക്കറ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ജവാന് പരിക്കേറ്റു. രജൗരിയിൽ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഭീകരർ അർമി പിക്കറ്റിന് നേരെ വെടിയുതിർത്തതെന്നാണ് വിവരം. തുടർന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയും, പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.


ജൂലായ് 19 ന് ജമ്മു കാശ്മീരിലെ കെരാൻ സെക്ടറിലെ നിയന്ത്രണ രേഖയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. അതിനുമുമ്പ് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ കസ്തിഗഢ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

മേജർ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, സൈനികരായ ബിജേന്ദ്ര, അജയ് എന്നിവരാണ് വീരമൃത്യു വരിച്ചത്. കൂടാതെ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പാക് ഭീകര ഗ്രൂപ്പായ ജയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ 'കാശ്മീർ ടൈഗേഴ്സ്' ആണ് ആക്രമണത്തിനു പിന്നിൽ.

ജില്ലയിലെ ദേസ വനത്തിൽ ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ നടന്നത്. ഭീകരവിരുദ്ധ സേനയായ രാഷ്‌ട്രീയ റൈഫിൾസും ജമ്മു കാശ്‌മീർ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. ഒളിച്ചിരുന്ന് വെടിവച്ച ഭീകരർക്കെതിരെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.