ഒരു കോടിയിലേറെ നഷ്‌ടപരിഹാരം വേണം, ആർഡിഎക്സ് സിനിമയുടെ സംവിധായകനെതിരെ നിർമ്മാതാക്കൾ കോടതിയിൽ

Monday 22 July 2024 12:53 PM IST

കൊച്ചി: ഒരു കോടിയിലേറെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ആർഡിഎക്സ് സിനിമയുടെ സംവിധായകനെതിരെ നിർമ്മാതാക്കൾ കോടതിയിയെ സമീപിച്ചു. കരാർ ലംഘനം ആരോപിച്ചാണ് ആർ.ഡി.എക്സ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്തിനെതിരെ നിർമ്മാതാവ് സോഫിയ പോളും നിർമ്മാണ കമ്പനിയും കോടതിയെ സമീപിച്ചത്.

ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാൻ നഹാസിന് 15 ലക്ഷം രൂപ നൽകാമെന്നായിരുന്നു കരാർ. രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറിൽ ഉണ്ടായിരുന്നു. കരാർ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും, പ്രി–പ്രൊഡക്‌ഷൻ ജോലികൾക്കായി നാല് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയും നൽകിയെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ പെട്ടെന്നൊരു ദിവസം പുതിയ പ്രോജക്ടില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചുവെന്നാണ് ആരോപണം. പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല. തുടർന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് ആവശ്യം.

ഹർജിയിൽ സംവിധായകൻ നഹാസിന് കോടതി സമൻസ് അയച്ചു. ഓഗസ്റ്റ് ആറിന് ഹാജരാകനാണ് നഹാസിനോട് കോടതി നിർദേശിച്ചിട്ടുള്ളത്. എന്നാൽ, സമൻസ് ലഭിച്ചിട്ടില്ലെന്ന് നഹാസ് ഹിദായത്ത് പ്രതികരിച്ചു.


ഇതേ സിനിമയുടെ പേരിൽ സോഫിയ പോളിനെതിരെ തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പൊലീസിൽ പരാതി നൽകിയിരുന്നു. സിനിമയ്ക്കായി ആറ് കോടി രൂപ മുതൽമുടക്കിയിട്ടും കരാർ പ്രകാരമുള്ള ലാഭവിഹിതവും, കണക്കും നൽകിയില്ലെന്നാണ് ആരോപണം.

Advertisement
Advertisement