ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട, പാൽ അഞ്ച് ദിവസം വരെ കേടാവാതെ സൂക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Monday 22 July 2024 1:05 PM IST

ചായ ഇഷ്‌ടമല്ലാത്ത മലയാളികൾ വളരെ കുറവാണ്. അതിനാൽ, ഭൂരിഭാഗം വീടുകളിലും സ്ഥിരമായി പാൽ വാങ്ങാറുണ്ടാവും. പാക്കറ്റ് പാൽ വാങ്ങി ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ പാൽ കുറച്ച് ദിവസം കേടുകൂടാതിരിക്കും. എന്നാൽ, കറണ്ട് പോയാൽ ഇവ പിന്നെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാകും. ഇങ്ങനെയുള്ള സമയങ്ങളിൽ പാൽ രണ്ട് ദിവസം വരെ കേടുകൂടാതെ ഇരിക്കാനുള്ള ടിപ്പ് ആണ് പറയാൻ പോകുന്നത്. മാത്രമല്ല, പാക്കറ്റിലല്ലാതെ വാങ്ങുന്ന പാൽ അഞ്ച് ദിവസം വരെ കേടുകൂടാതെ ഫ്രി‌ഡ്‌ജിൽ സൂക്ഷിക്കേണ്ടത് എങ്ങനെയെന്നും നോക്കാം.

പാസ്‌ചറൈസേഷൻ നടത്തുന്നതിലൂടെയാണ് പാക്കറ്റ് പാലുകൾ കേട് കൂടാതെയിരിക്കുന്നത്. നമ്മൾ സാധാരണ വാങ്ങുന്ന പാൽ നന്നായി തിളപ്പിക്കുക. അഞ്ച് മിനിട്ട് ഹൈ ഫ്ലെയിമിലും അഞ്ച് മിനിട്ട് ലോ ഫ്ലെയിമിലും തിളപ്പിച്ച ശേഷം ഉടൻ തന്നെ ഒരു പാത്രം നിറയെ ഐസ് ഇട്ടശേഷം അതിലേക്ക് തിളപ്പിച്ച പാൽ പാത്രം ഇറക്കി വയ്‌ക്കുക. അടച്ച് വയ്‌ക്കരുത്. നന്നായി തണുക്കുമ്പോൾ അരിച്ചെടുത്ത് ഒരു എയർടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്‌ജിൽ വയ്‌ക്കാം. ഫ്രീസറിൽ വയ്‌ക്കേണ്ട കാര്യമില്ല. ഇങ്ങനെ ഉയർന്ന താപനിലയിൽ ചൂടാക്കി പെട്ടെന്ന് തണുപ്പിച്ച് എടുക്കുമ്പോൾ പാലിലുള്ള ബാക്‌ടീരിയകൾ നശിച്ച് പോകുന്നു. അങ്ങനെയാണ് പിന്നീട് ദിവസങ്ങളോളം പാൽ കേട് കൂടാതെയിരിക്കുന്നത്.

ഇനി പാൽ ഫ്രിഡ്‌ജിൽ വയ്‌ക്കാതെ സൂക്ഷിക്കാനായി ആദ്യം സ്റ്റൗവിൽ വച്ച് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം സാധാരണ താപനിലയുള്ള വെള്ളത്തിൽ ഇറക്കിവയ്‌ക്കുക. പാത്രം അടച്ച് വയ്‌ക്കരുത്. ഇവിടെ ഐസ് ഉപയോഗിക്കേണ്ട ആവശ്യമില്ല. പാൽ നന്നായി തണുക്കുമ്പോൾ അടച്ച് വയ്‌ക്കുക. വെള്ളത്തിൽ നിന്ന് പാത്രം പുറത്തെടുക്കരുത്. അടുക്കളയിൽ അധികം ചൂടില്ലാത്ത ഭാഗത്ത് ഈ പാത്രം സൂക്ഷിച്ചാൽ മതി. രണ്ട് ദിവസം വരെ ഈ പാൽ കേടാവില്ല.

Advertisement
Advertisement