അർജുനെ തെരയാൻ  കേരളത്തിൽ നിന്നുള്ള 20 പേർ മാത്രം മതിയെന്ന് കർണാടക പൊലീസ്

Monday 22 July 2024 4:22 PM IST

കാ‌ർവാർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ തെരയാൻ കേരളത്തിൽ നിന്നുള്ള 20 പേർ മാത്രം മതിയെന്ന് കർണാടക പൊലീസ്. തെരച്ചില്‍ തുടരുന്നതിനിടെ മലയാളി രക്ഷാപ്രവർത്തകരും കർണാടക പൊലീസും തമ്മിൽ തർക്കമുണ്ടായി. ഒരുസമയം തെരച്ചിൽ നടക്കുമ്പോൾ കേരളത്തിൽനിന്നുള്ള 20 പേർ മതിയെന്നാണ് നിർദേശം. തർക്കം നിലവിൽ പരിഹരിച്ചതായാണ് സൂചന.

ശക്തമായ മഴയാണ് പ്രദേശത്ത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വീണ്ടും മണ്ണ് ഇടിയാനുള്ള സാദ്ധ്യതയുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നതെന്നാണ് വിവരം.

ലോറിയുടെ ഏതെങ്കിലും ഭാഗം കണ്ടെത്താനാകുമോ എന്നറിയാനായി പുഴയിലും പ്രത്യേക റഡാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ നടത്തുന്നുണ്ട്. സൈന്യവും വിദഗ്ധരുമടങ്ങുന്ന സംഘം ഇവിടെയുണ്ട്.

അർജുന് വേണ്ടിയുള്ള തെരച്ചിലിൽ കരഭാഗത്തെ പരിശോധന ഇന്ന് പൂർത്തിയാക്കുമെന്ന് എംഎൽഎ സതീഷ് സൈൽ അറിയിച്ചു. നാളെ മുതൽ പുഴയിൽ കൂടുതൽ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനുള്ള അനുമതി തേടും. പക്ഷേ പാലം, കാലാവസ്ഥ എന്നിവ തടസമാണെന്നും, എൻഡിആർഎഫിൽ നിന്ന് റിട്ടയർ ചെയ്ത വിദഗ്ധൻ നാളെ സ്ഥലത്തെത്തുമെന്നും സതീഷ് സൈൽ പറഞ്ഞു.

അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കിയെങ്കിലും പരിശോധനയിൽ ലോറി കണ്ടെത്താനായില്ല. രണ്ടിടങ്ങളിൽ നിന്നാണ് റഡാർ സി​ഗ്നൽ ലഭിച്ചിരുന്നത്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്‍റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്.

കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.

Advertisement
Advertisement