പാർലമെന്റിൽ ബോംബ് വയ്‌ക്കുമെന്ന് ഭീഷണി, സന്ദേശമെത്തിയത് റഹീമിനും ശിവദാസനും

Monday 22 July 2024 4:43 PM IST

ന്യൂഡൽഹി: പാർലമെന്റിൽ ബോംബ് വയ‌്ക്കുമെന്ന് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള ഇടത് എംപിമാരായഎ.എ റഹിം, വി. ശിവദാസൻ എന്നിവർക്കാണ് ഭീഷണി സന്ദേശം ഫോൺകോൾ രൂപത്തിൽ എത്തിയത്. സന്ദേശം ഇംഗ്ലീഷിലായിരുന്നു. ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന തരത്തിലായിരുന്നു സന്ദേശം. പാർലമെന്റ്, ചെങ്കോട്ട, ഇന്ത്യാഗേറ്റ് എന്നിവിടങ്ങളിൽ ബോംബിടുമെന്നാണ് പറഞ്ഞതെന്ന് എ.എ റഹിം പറഞ്ഞു.

റഹിമിന്റെ വാക്കുകൾ-

''ഇന്നലെ രാത്രി 11.27നാണ് കോൾ വരുന്നത്. യുകെയിൽനിന്നായിരുന്നു കോൾ. 11.26ന് ഒരു മിസ്ഡ് കോൾ വന്നിരുന്നു. റെക്കോർഡ് ചെയ്ത ശബ്ദമാണ് കേട്ടത്. ‘പ്രിയപ്പെട്ട പാർലമെന്റ് അംഗങ്ങളെ’ എന്നു അഭിസംബോധന ചെയ്താണ് സംഭാഷണം ആരംഭിച്ചത്. പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ അറിയിപ്പുകൾ നൽകാനായി ഇത്തരം സന്ദേശങ്ങൾ വരാറുണ്ട്. അത്തരമൊരു കോളാണെന്നാണ് കരുതിയത്. സന്ദേശത്തിന്റെ ഉള്ളടക്കം മനസിലായി. ഞാനും ശിവദാസനും എയർപോർട്ട് ലോഞ്ചിൽ നിൽക്കുമ്പോഴാണ് കോൾ വരുന്നത്. 11.30ന് ശിവദാസനും കോൾ വന്നു. അത് ഇന്ത്യൻ നമ്പരിലായിരുന്നു.

‘ശിവദാസൻ ഫോൺ ലൗഡ് സ്പീക്കറിലിട്ടു. ഞാനത് റെക്കോർഡ് ചെയ്തു. ഉടനെ പൊലീസിനെ വിവരം അറിയിച്ചു. റെക്കോർഡും കൈമാറി. രാത്രി 12നുശേഷം പൊലീസെത്തി വിവരങ്ങൾ നേരിട്ട് ശേഖരിച്ചു. ഇക്കാര്യം രാജ്യസഭാ ചെയർമാനെയും ഞങ്ങൾ കത്തിലൂടെ അറിയിച്ചു. സന്ദേശം ഇംഗ്ലീഷിലായിരുന്നു. ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന തരത്തിലായിരുന്നു സന്ദേശം. പാർലമെന്റ്, ചെങ്കോട്ട, ഇന്ത്യാഗേറ്റ് എന്നിവിടങ്ങളിൽ ബോംബിടുമെന്നാണ് പറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു’’–എ.എ.റഹിം പറഞ്ഞു.''

Advertisement
Advertisement