തുടർച്ചയായി ശനിയാഴ്‌ചകളിൽ മാത്രം യുവാവിന് ഏഴുതവണ പാമ്പിന്റെ കടിയേറ്റ സംഭവം; സത്യം പുറത്ത്

Monday 22 July 2024 5:29 PM IST

ലക്‌നൗ: 24കാരനായ യുവാവിന് 40 ദിവസത്തിനിടെ പാമ്പ് കടിയേറ്റത് ഏഴുതവണ. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദ്വിവേദിയാണ് ഒന്നര മാസത്തിനിടെ തന്നെ ഏഴുതവണ പാമ്പ് കടിച്ചുവെന്നുപറഞ്ഞ് രംഗത്തെത്തിയത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണിപ്പോൾ.

പാമ്പ് കടിച്ചുവെന്ന യുവാവിന്റെ ആരോപണം തെറ്റാണെന്നാണ് വിദഗ്ദ്ധസമിതി വ്യക്തമാക്കുന്നത്. യുവാവിന് ഒരുവട്ടം മാത്രമാണ് പാമ്പ് കടിയേറ്റത്. അതിനുശേഷവും കടിയേറ്റുവെന്നത് യുവാവിന്റെ തോന്നലുകൾ മാത്രമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തി. യുവാവിന് ഒഫിഡിയോഫോബിയ (പാമ്പുകളോടുള്ള അമിതമായ ഭയം) ആണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ശനിയാഴ്‌ചകളിൽ മാത്രമാണ് പാമ്പ് കടിക്കുന്നതെന്നായിരുന്നു വികാസ് വിദഗ്ദ്ധ സമിതിയോട് പറഞ്ഞത്.

ജൂൺ രണ്ടിന് വൈകിട്ടാണ് വികാസിനെ ആദ്യമായി പാമ്പ് കടിച്ചത്. സംഭവം നടന്ന് ഉടനെ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വൈകാതെ വികാസ് വീട്ടിലേക്ക് മടങ്ങി. അവിടെ നിന്ന് ജൂലായ് ആറ് വരെയുള്ള ദിവസങ്ങള്‍ക്കിടെ അഞ്ച് തവണ കൂടി യുവാവിനെ പാമ്പ് കടിച്ചു.

നാലാമത്തെ തവണ പാമ്പുകടിയേറ്റതിന് ശേഷം, വികാസിനോട് വീട് വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാന്‍ ഉപദേശിച്ചു. രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും വീണ്ടും കടിയേറ്റു. ഇതോടെ മാതാപിതാക്കള്‍ തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു. എന്നിട്ടും രണ്ടുതവണ കൂടി പാമ്പ് വികാസിനെ കടിച്ചു.

മകന്റെ ചികിത്സയ്ക്കായി കുടുംബം ജില്ലാ മജിസ്‌ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് ഡോക്‌ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന പാനൽ രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് യുവാവിന് ഒഫിഡിയോഫോബിയ ആണെന്ന് അന്വേഷണ സമിതി കണ്ടെത്തിയത്.

Advertisement
Advertisement