അർജുന്റെ ലോറി കരയിലില്ല, സ്ഥിരീകരിച്ച് സൈന്യം; നദിക്കരയിൽ നിന്ന് സിഗ്നൽ ലഭിച്ചു

Monday 22 July 2024 5:48 PM IST

ബംഗളൂരു: ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുളള തിരച്ചിലുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ പുതിയ സ്ഥിരീകരണം. അ‌ർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. അപകടസ്ഥലത്തെ 90 ശതമാനം മണ്ണും നീക്കിയെന്നും അവിടെ ലോറിയില്ലെന്നും കഴിഞ്ഞദിവസം കർണാടക റവന്യുമന്ത്രി സ്ഥിരീകരിച്ചിരുന്നു. മണ്ണിടിച്ചിലിൽ ലോറി ഗംഗാവലി നദിയിലേയ്ക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യമിപ്പോൾ. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം അറിയിക്കുന്നു. ഈ പ്രദേശം മാർക്ക് ചെയ്ത് പരിശോധന നടത്തുകയാണ്.

മണ്ണിനടിയിൽ ലോറിയുണ്ടെന്നായിരുന്നു സൈന്യം നേരത്തെ സൂചന നൽകിയിരുന്നത്. രണ്ട് സ്ഥലങ്ങളിൽ നടത്തിയ റഡാർ പരിശോധനയിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോളത് ഫേക്ക് സിഗ്നൽ ആകാമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളിൽ നിന്നും മണ്ണ് മാറ്റുന്നത് വേഗത്തിലാക്കുകയും ചെയ്തു.

ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്ന് ഉത്തര കന്നട ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങൾ ഇന്ന് ലഭിക്കുമെന്നും കളക്‌ടർ പറഞ്ഞു.

അതേസമയം, അർജുനെ തെരയാൻ കേരളത്തിൽ നിന്നുള്ള 20 പേർ മാത്രം മതിയെന്നാണ് കർണാടക പൊലീസ് പറയുന്നത്. തെരച്ചില്‍ തുടരുന്നതിനിടെ മലയാളി രക്ഷാപ്രവർത്തകരും കർണാടക പൊലീസും തമ്മിൽ തർക്കമുണ്ടായി. ഒരുസമയം തെരച്ചിൽ നടക്കുമ്പോൾ കേരളത്തിൽനിന്നുള്ള 20 പേർ മതിയെന്നാണ് നിർദേശം. തർക്കം നിലവിൽ പരിഹരിച്ചതായാണ് വിവരം.

Advertisement
Advertisement