വ്യാജ ആർ.സി നിർമ്മാണം, ഉദ്യോഗസ്ഥരെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട്

Tuesday 23 July 2024 1:22 AM IST

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി.ഓഫീസിലെ വ്യാജ ആർ.സി നിർമ്മാണം ഉദ്യോഗസ്ഥരെ സംരക്ഷിച്ച് പൊലീസ് റിപ്പോർട്ട്. ആർ.സി ഉടമകൾക്കെതിരെ മാത്രം കേസെടുത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താതത് സംബന്ധിച്ചു തിരൂരങ്ങാടി നിയോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ.റസാഖ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

പരാതിയില്‍ താനൂര്‍ ഡി.വൈ.എസ്.പി വി.വി.ബെന്നിയുടെ റിപ്പോര്‍ട്ടിൽ ഓഫീസിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണുള്ളതെന്നാണ് പരാതി. ജൂണ്‍ മൂന്നിന് നല്‍കിയ പരാതിയില്‍ പതിനഞ്ച് ദിവസത്തിനകം അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം എസ്.പി ഉത്തരവിട്ടിരുന്നത്. ആ റിപ്പോര്‍ട്ടാണ് ഇന്നലെ താനൂര്‍ ഡി.വൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചത്.
ഡി.വൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാന്‍കാവ് സ്വദേശി കരുമാടത്ത് നിസാര്‍(34),​ ഒന്നാം പ്രതിയും ചെട്ടിപ്പടി ബീച്ച് റോഡ് സ്വദേശി കൊട്ടില്‍ കണ്ണന്റെ പുരയ്ക്കല്‍ ഫൈജാസ്(32),​ രണ്ടാം പ്രതിയും കണ്ണമംഗലം പാലത്തൊടു കരുവാന്‍കല്ല് സ്വദേശി കുഴിയന്‍ തടത്തില്‍ നഈം(28) മൂന്നാം പ്രതിയുമാണ്. ഒന്നാം പ്രതിയായ നിസാറിന്റെ മൊഴിയില്‍ ഓഫീസില്‍ നിന്നും തങ്ങളെ സഹായിച്ച ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളെല്ലാം പൊലീസിന് നല്‍കിയിട്ടും ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് ഡി.വൈ.എസ്.പി ബെന്നി റിപ്പോര്‍ട്ടിലൂടെ ശ്രമിച്ചിരിക്കുന്നതെന്നാണ് പരാതി. ഒരു പരിശോധനയും കൂടാതെയാണ് വ്യാജ ആര്‍.സികള്‍ക്കെല്ലാം അപ്രുവല്‍ നല്‍കിയതെന്ന് വ്യക്തമായിട്ടും പൊലീസ് റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരെ സംരക്ഷിച്ച നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.

മന്ത്രിമാര്‍ ഇടപെട്ടു: യൂത്ത്‌ലീഗ്

തിരൂരങ്ങാടി: വ്യാജ ആര്‍.സി നിര്‍മ്മാണത്തിലെ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് എത്താതിരിക്കാന്‍ മന്ത്രിമാര്‍ ഇടപെട്ടതായി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ആരോപിച്ചു. കോഴിക്കോട് നിന്നുള്ള മന്ത്രിയും ജില്ലയിലെ മന്ത്രിയുമാണ് കേസില്‍ ഇടപെട്ടത്. അതിന്റെ ഭാഗമാണ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട്. ഇത് തിരുത്താന്‍ പൊലീസ് തയ്യാറാകണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കൾ അറിയിച്ചു.

Advertisement
Advertisement