ഉപമുഖ്യനാകാൻ ഉദയനിധി പിൻഗാമി

Tuesday 23 July 2024 12:45 AM IST

'ഉങ്കളോടെല്ലാം അൻപോട് കേൾക്കിറേൻ... പാസത്തോടെ കേൾക്കിറേൻ... ഉറുമിയോട് കേൾക്കിറേൻ.... ഉങ്കൾ വീട്ടു പിള്ളയായിരുന്ത് കേൾക്കിറേൻ.... തലൈവരുടെ മകനായി കേൾക്കിറേൻ.... കലൈജ്ഞരുടെ പേരമകനായി നിൻട്ര് കേൾക്കിറേൻ....!" ഇങ്ങനെയൊക്കെ തമിഴ്‌മക്കളോടു ചോദിക്കാൻ ഒരാൾക്കേ കഴിയൂ. അത് മുത്തുവേൽ കരുണാനിധിയുടെ പേരമകൻ ഉദയനിധി സ്റ്റാലിനാണ്. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പു നടന്നപ്പോൾ ഡി.എം.കെ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് എം.കെ.സ്റ്റാലിനായിരുന്നു ഫലം 40-ൽ 39 സീറ്റിൽ വിജയം. ഇക്കഴി‍ഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചുമതല എം.കെ. സ്റ്റാലിൻ നൽകിയത് മകൻ ഉദനനിധിക്ക്. ഫലം 40-ൽ 40! തോൽക്കുമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തിയ ധർമ്മപുരിയിൽ ഉൾപ്പെടെ ജയം.

ഇനി മകനെ പിൻഗാമിയായി വാഴിക്കുകയാണ് തലൈവരുടെ തീരുമാനം. ഉദയനിധി പോലും പൊതുവേദികളിൽ സ്റ്രാലിനെ 'തലൈവർ" എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന സ്റ്റാലിൻ,​ പകരം ചുമതല ജൂനിയർ സ്റ്റാലിനു കൈമാറും. അതിനു മുന്നോടിയായി ഉപമുഖ്യമന്ത്രിയായി ഉദയനിധിയെ നിയോഗിക്കുകയും ചെയ്യുമെന്നാണ് തമിഴക രാഷ്ട്രീയം നൽകുന്ന സൂചന. ഇപ്പോൾ കായിക യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി; ഡി.എം.കെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയും.

എം.കെ. സ്റ്റാലിനെ അച്ഛൻ കരുണാനിധി ഉപമുഖ്യമന്ത്രിയാക്കുന്നത് 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു. അന്ന് 27 സീറ്റുകളിലായിരുന്നു ഡി.എം.കെ മുന്നണിയുടെ വിജയം. അപ്പോൾ സ്റ്റാലിനായിരുന്നു യുവജന വിഭാഗം സെക്രട്ടറി. കരുണാനിധി മരിക്കുന്നതുവരെ സ്റ്റാലിൻ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. കരുണാനിധിയുടെ മരണ ശേഷം പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യുവജനങ്ങളടെ നേതാവാക്കി മകൻ ഉദയനിധിയെ സ്റ്രാലിൻ നിയോഗിച്ചു. അതിനു മുമ്പുതന്നെ സിനിമകളിലെ നായകൻ കൂടിയായ ഉദയനിധി തിരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളിൽ സജീവമായിരുന്നു.

അടിത്തറയും

അണികളും

തമിഴ്നാട് എമ്പാടും അണികളും അടിത്തറയുമുള്ള കേ‌ഡർ പാർട്ടിയാണ് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). പക്ഷേ,​ പ്രധാന പദവികളെല്ലാം കരുണാനിധിയുടെ കുടുംബത്തിനുള്ളതാണ്. കുടുംബവാഴ്ച അരങ്ങു തകർക്കുമ്പോഴും അതിനെയെല്ലാം 'താത്വികമായി" ന്യായീകരിക്കുകയാണ് മറ്റു നേതാക്കൾ ചെയ്യുന്നത്. ഇ.വി. രാമസാമി (പെരിയാർ) നേതൃത്വം നൽകിയ 'ദ്രാവിഡർ കഴക" ത്തിന്റെ തുടർച്ചയായിട്ടാണ് 1949 സെപ്തംബർ 17 ന് സി.എൻ. അണ്ണാദുരൈ (അണ്ണാ) ഡി.എം.കെ സ്ഥാപിച്ചത്. 1949 മുതൽ 1969 ഫെബ്രുവരി 4-ന് മരിക്കുന്നത് വരെ പാർട്ടിയുടെ പരമാധികാരിയും അണ്ണാദുരൈയായിരന്നു.

പിന്നീടാണ് കരുണാനിധി യുഗം ആരംഭിക്കുന്നത്. 1969 മുതൽ 2018 ആഗസ്റ്റ് ഏഴിന് മരണം വരെ പാർട്ടിയുടെ കടിഞ്ഞാണും ഭരണം കിട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രിസ്ഥാനവും കരുണാനിധിക്കു തന്നെയായിരുന്നു. കരുണാനിധിയുടെ മരണ ശേഷം പാർട്ടിയുടെ സർവാധികാരിയായി എം.കെ. സ്റ്റാലിൻ എത്തി. അതുവരെ വഹിച്ചിരുന്ന യുവജന വിഭാഗം സെക്രട്ടറി സ്ഥാനം മകനു കൈമാറി. 2021-ൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ഉദയനിധിയെ പരിഗണിക്കാതിരുന്നതു തന്നെ സ്റ്റാലിന്റെ തന്ത്രമായിരുന്നു. 2022 ഡിസംബറിൽ ചെപ്പോക്ക് എം.എൽ.എ ആയ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഡി.എം.കെ ഉന്നതാധികാര സമിതിയുടേതായി അവതരിപ്പിക്കപ്പെടുകയായിരുന്നു! സ്റ്റാലി​ൻ കൈവശം വച്ചിരുന്ന കായിക, യുവജനകാര്യ ക്ഷേമകാര്യ വകുപ്പുകൾ മകന് നൽകുകയും ചെയ്തു. ഇനി നൽകേണ്ടത് ഉപമുഖ്യ മന്ത്രി സ്ഥാനമാണ്. അത് ഉടനെയുണ്ടാകും.

ഉദയനിധി

ക്ളീൻ... ക്ളീൻ

2026- ൽ നടക്കുന്ന നിയസമഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഉദനയനിധി സ്റ്റാലിൻ. യുവജന സംഘടനയുടെ യോഗങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് ഒരുക്കമെങ്കിലും ഇതിലൂടെ തന്റെ പ്രാമാണിത്വം കൂടി ഉറപ്പിക്കുകയാണ് ഉദയനിധി. പൊതുയോഗങ്ങളിൽ ജനക്കൂട്ടത്തെ കൈയിലെടുത്താണ് പ്രസംഗം. ഓരോ വാചകത്തിനും നൂറു കൈയടിയോടെ പ്രവർത്തകർ സ്വീകരിക്കുമ്പോൾ അവരുറപ്പിക്കുന്നത് എം.കെ.സ്റ്റാലിന്റെ പിൻഗാമി ആരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ്. കലൈ‌‍‍ഞ്ജർക്കു ശേഷം കുടുംബത്തിൽ നിന്ന് സിനിമാ രംഗത്ത് പോപ്പുലറാകാൻ ഉദയനിധിക്കു കഴിഞ്ഞതും നേട്ടമാണ്.

2008-ൽ ഉദയനിധി തന്റെ പ്രൊഡക്ഷൻ ഹൗസ് ആയ റെഡ് ജയന്റ് മൂവീസ് സ്ഥാപിച്ചു. വിജയും തൃഷയും ജോഡിയായ 'കുരുവി"യായിരുന്നു ആദ്യ ചിത്രം. ഇരുപതോളം ചിത്രങ്ങൾ നിർമ്മിച്ചു. മിക്കതിലും നായകനായി. ചില പരാജയങ്ങളുണ്ടായെങ്കിലും ഉദയനിധിക്ക് സിനിമയിൽ ക്ലീൻ ഇമേജായിരുന്നു. സിനിമയിൽ ഉദയനിധി ഒരിക്കലും അശ്ലീല ഡയലോഗുകൾ പറഞ്ഞില്ല. അത്തരം ധ്വനിയുള്ള സംഭാഷണം ഒഴിവാക്കണമെന്ന് സംവിധായകരോട് ആവശ്യപ്പെടാനും ശ്രദ്ധിച്ചു.

എല്ലാവരും

ഉപമുഖ്യന്മാർ

ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് വീണ്ടും വാർത്തകൾ വന്നപ്പോൾ ഉദയനിധി പ്രതികരിച്ചതിങ്ങനെ: ''

ഞങ്ങളുടെ സർക്കാരിൽ എല്ലാ മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരാണ്. ഡി.എം.കെ യൂത്ത് വിംഗ് സെക്രട്ടറി എന്ന നിലയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയാണ് ഞാൻ. ഈ സ്ഥാനം എനിക്കു പ്രിയപ്പെട്ടതാണ്.

2026-ലെ തിരഞ്ഞെടുപ്പാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലേതുപോലെ പ്രവർത്തിക്കുകയും വിജയം നേടുകയും വേണം. ഏതു സഖ്യം എതിരായി വന്നാലും ഞങ്ങളുടെ നേതാവ് വിജയിക്കും, നമ്മുടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേൽക്കും.""

ഡി.എം.കെ ജറനൽ സെക്രട്ടറി ദുരൈ മുരുകനാണ് ഇപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ. ജലസേചനം, പാർലമെന്ററികാര്യം, തിരഞ്ഞെടുപ്പ്, ധാതു ഖനനം എന്നീ വകുപ്പുകളാണ് ദുരൈ മുരുകന്റെ കൈയിൽ. ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നതോടെ മന്ത്രിസഭയിലെ രണ്ടാമനെന്ന സ്ഥാനം ദുരൈമുരുകന് നഷ്ടമാകും.

Advertisement
Advertisement