വിവരാവകാശ നിയമലംഘനം: ഉദ്യോഗസ്ഥന് പിഴയിട്ടു

Tuesday 23 July 2024 1:40 AM IST

വടകര: വിവരം നൽകാൻ 50 ദിവസം വൈകിയതിന് ഓഫീസർക്ക് 12,500 രൂപ പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മിഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ കെ.ഇ.ആർ അധ്യായം XIV എ, റൂൾ 51 എ പ്രകാരം അദ്ധ്യാപികയ്ക്ക് സ്ഥിരം നിയമനം നൽകുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചുവച്ചത്. വടകര പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാർ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് കമ്മിഷനെ സമീപിച്ചത്. വിവരം നൽകാൻ കമ്മിഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീം പിഴ ചുമത്തി ഉത്തരവായത്.

കമ്മിഷന്റെ ഉത്തരവിന് ശേഷവും വിവരം നൽകാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12,500 രൂപ പിഴ ചുമത്തുകയായിരുന്നു. ആരിഫ് അഹമ്മദ് 25 നകം പിഴ അടച്ചതായി ഡി.ഇ.ഒ ഉറപ്പു വരുത്തി ഈ മാസം 30 നകം കമ്മിഷനെ അറിയിക്കണം.

Advertisement
Advertisement