കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ആർ.എസ്.എസ് വിലക്ക് പിൻവലിച്ചു

Tuesday 23 July 2024 4:52 AM IST

#ജമാഅത്തെ ഇസ്‌ലാമിക്കുള്ള വിലക്ക് തുടരും

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് അംഗമാകാനും പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുമുള്ള വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. 1966 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയന്ത്രമാണ് ർ പിൻവലിച്ചത്. അതേസമയം ജമാഅത്തെ ഇസ്‌ലാമിക്കുള്ള വിലക്ക് തുടരും.

ആർ.എസ്.എസ്, ജമാഅത്തെ ഇസ്ലാമി എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതും സഹായം ചെയ്യുന്നതും ബന്ധപ്പെടുന്നതും വിലക്കുന്നതായിരുന്നു പഴയ ഉത്തരവ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതിരുന്നത് ആർ.എസ്.എസുമായുള്ള അകൽച്ചയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ തീരുമാനം. ആർ.എസ്.എസ് ശതാബ്‌ദി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവെന്ന പ്രാധാന്യമുണ്ട്. വിലക്ക് നീക്കാനുള്ള തീരുമാനത്തെ ആർ.എസ്.എസ് സ്വാഗതം ചെയ്‌തു. ആർ.എസ്.എസ് 99 വർഷമായി രാഷ്ട്ര പുനർനിർമ്മാണത്തിലും സമൂഹ സേവനത്തിലും ഏർപ്പെട്ട സംഘടനയാണെന്ന് ദേശീയ പബ്ലിസിറ്റി ഇൻ ചാർജ് സുനിൽ അംബേദ്ക്കർ പറഞ്ഞു. ദേശീയ സുരക്ഷ, ഐക്യം-അഖണ്ഡത തുടങ്ങിയ മേഖലകളിൽ സംഘടനയുടെ പങ്ക് വില മതിക്കപ്പെടുന്നുണ്ട്. പുതിയ തീരുമാനം ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങൾ ഉറപ്പിക്കുന്നതാണ്. രാഷ്ട്രീയ താത്പര്യം മുൻനിർത്തിയാണ് അന്നത്തെ സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം കൊണ്ടുവന്നത്.

2014ൽ അധികാരത്തിൽ വന്ന മോദി സർക്കാർ ഇതുവരെ വിലക്കു നീക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ കക്ഷികൾ ചോദിച്ചു. ലോക്‌‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആർ.എസ്.എസുമായുണ്ടായ ബന്ധത്തിലെ ഉലച്ചിൽ മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമാണ് ഇതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി നിക്കർ ഇട്ട് ജോലിക്ക് വരാമെന്നും അദ്ദേഹം പരിഹസിച്ചു.

Advertisement
Advertisement