പ്രസിഡന്റ് സ്ഥാനാർത്ഥിത്വം കമല ഹാരിസിലേക്ക്
വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്നെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പായി. ബൈഡൻ പിന്മാറിയതോടെ പാർട്ടിയിലെ പ്രമുഖരെല്ലാം കമലയ്ക്ക് പിന്നിൽ അണിനിരക്കുകയാണ്. കമല സ്ഥാനാർത്ഥി ആയാൽ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന ചരിത്രം രചിക്കപ്പെടും.
പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നടപടികൾ നാളെ പാർട്ടി കമ്മിറ്റി തീരുമാനിക്കും. ഓഗസ്റ്റ് 19 മുതൽ 22 വരെ ഷിക്കാഗോയിൽ ചേരുന്ന പാർട്ടി നാഷണൽ കൺവെൻഷനിൽ ഔദ്യോഗികമായി തീരുമാനിക്കും.
സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത കൽപ്പിക്കപ്പെടുന്ന മിഷിഗൺ ഗവർണർ ഗ്രെച്ചെൻ വിറ്റ്മർ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം തുടങ്ങിയവർ ഹാരിസിനെ എതിർക്കില്ലെന്ന് റിപ്പോർട്ടുണ്ട്. ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ച ഞായർ ഒറ്റ ദിവസം കൊണ്ട് ഹാരിസിന് അനുകൂലമായി 30 ദശലക്ഷം ഡോളർ ധനസമാഹരണം നടന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ചരിത്രത്തിലെ റെക്കാഡാണിത്. സ്ഥാനാർത്ഥിയായാൽ, സെപ്തംബർ പത്തിലെ രണ്ടാം പ്രസിഡന്റ്ഷ്യൽ ഡിബേറ്റിൽ കമലയുടെ പ്രകടനമാണ് ലോകം ഉറ്റുനോക്കുന്നത്.
വിറ്റ്മർ, ന്യൂസം എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം. പീറ്റ് ബൂട്ടിജജ് (ഗതാഗത സെക്രട്ടറി), ജോഷ് ഷാപ്പിറോ (പെൻസിൽവേനിയ ഗവർണർ), ജെ.ബി. പ്രിറ്റ്സ്കർ (ഇലിനോയ് ഗവർണർ) എന്നിവർക്കും സാദ്ധ്യതയുണ്ട്.
അതിനിടെ, പിന്മാറാനുള്ള ബൈഡന്റെ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. അമേരിക്കൻ ഓഹരി വിപണിയിലും കുതിച്ചു കയറ്റം ഉണ്ടായി. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി തുടങ്ങിയവർ ബൈഡന്റെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.
മത്സരിക്കാൻ കഴിയില്ലെങ്കിൽ പിന്നെങ്ങനെയാണ് ബൈഡൻ രാജ്യം ഭരിക്കുക. ഉടൻ രാജിവയ്ക്കണം
- ഡൊണാൾഡ് ട്രംപ്