വിഴിഞ്ഞത്ത് വരുന്നു വലിയ അമ്മക്കപ്പൽ

Tuesday 23 July 2024 1:25 AM IST

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ അമ്മക്കപ്പൽ വിഴിഞ്ഞത്ത് ഉടൻ എത്തിയേക്കും. എം.എസ്.സി റോമ എന്ന കപ്പലാണ് എത്തുക എന്നാണ് സൂചന. ഉത്തര ഫ്രാൻസിലെ ലു ആവ്‌‌‌ർ തുറമുഖത്ത് നിന്ന് കൊളംബോയിലേക്ക് പോകുന്ന കപ്പലാണ് വിഴിഞ്ഞത്തെത്തുക. അതേസമയം,​ ഇക്കാര്യം തുറമുഖ കമ്പനി സ്ഥിരീകരിക്കുന്നില്ല.18.3 നോട്സ് വേഗതയിൽ 26ന് കൊളംബോയിലെത്തുന്ന തരത്തിലാണ് കപ്പലിന്റെ യാത്ര. 2006ൽ നിർമ്മിച്ച കണ്ടെയ്‌നർ കപ്പൽ ലൈബീരിയയുടെ പതാക വഹിക്കുന്നതാണ്. 336 മീറ്റർ നീളവും 45.65 മീറ്റർ വീതിയുമുള്ള കപ്പലാണിത്. ആദ്യമെത്തിയ സാൻ ഫെർണാണ്ടോ അമ്മക്കപ്പലിന് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമാണുണ്ടായിരുന്നത്.

രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾ അടുപ്പിക്കാം. ഇവിടെയിറക്കുന്ന കണ്ടെയ്‌നറുകൾ ചെറിയ ഫീഡർ കപ്പലുകളിൽ രാജ്യത്തെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാം. മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്കും ഇറക്കാം. അതോടെ വിഴിഞ്ഞം ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബാകും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാണ് വിഴിഞ്ഞത്ത് കപ്പലുകളെ നിയന്ത്രിക്കുക. എയർ ട്രാഫിക് കൺട്രോൾ മാതൃകയിലാണ് ഓട്ടോമാറ്റിക്ക് നാവിഗേഷൻ സെന്റർ. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനവുമെല്ലാം ഇതിൽ ഭദ്രമായിരിക്കും.