അച്യുതമേനോൻ അനന്തപുരയിലേക്ക് പയ്യന്നൂരിൽ നിന്ന് സ്മൃതി യാത്ര 25ന് ആരംഭിക്കും

Monday 22 July 2024 9:57 PM IST

പയ്യന്നൂർ: തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സ്ഥാപിക്കുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സി അച്യുതമേനോന്റെ വെങ്കലപ്രതിമയുടെ നിർമ്മാണം പൂർത്തിയായി. തിരുവനന്തപുരത്തേക്കുള്ള പ്രതിമ പ്രയാണം സ്മൃതിയാത്ര 25 ന് വൈകീട്ട് 4 ന് പയ്യന്നൂർ ഗാന്ധിപാർക്കിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 3.30ന് പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് നിന്നും വാദ്യമേളങ്ങളോടെ പ്രതിമയെ സ്വീകരിച്ച് ഗാന്ധിപാർക്കിലേക്ക് ആനയിക്കും. 26ന് രാവിലെ 9.30 ന് കണ്ണൂർ കാൽടെക്സ് ജംഗഷനിൽ പ്രതിമ യാത്രക്ക് സ്വീകരണം നൽകും. തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. കെ.പി.രാജേന്ദ്രൻ ലീഡറായിട്ടുള്ള സ്മൃതി യാത്രയിൽ സത്യൻ മൊകേരി ഡയറക്ടറും ടി.വി.ബാലൻ , ടി.ടി.ജീസ്മോൻ, ഇ.എസ്.ബിജിമോൾ, പി.കബീർ അംഗങ്ങളുമാണ്. 30 ന് സി പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും. സംഘാടസമിതി ഭാരവാഹികളായ കെ.വി.ബാബു, കെ വി.പത്മനാഭൻ, താവം ബാം കൃഷ്ണൻ, എൻ.പി.ഭാസ്കരൻ എന്നിവർ സ്മൃതി യാത്ര സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

മുറിക്കൈ ഷർട്ട്, ചെറുപുഞ്ചിരി..

മുറികൈ ഷർട്ടും മുണ്ടും ധരിച്ച് ചെറുപുഞ്ചിരിയോടെ മുന്നോട്ട് നോക്കി നിൽക്കുന്ന രീതിയിലാണ് ശിൽപം നിർമ്മിച്ചിട്ടുള്ളത്. ശിൽപത്തിന്റെ ആദ്യരൂപം വിലയിരുത്തുവാൻ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ , സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ , അച്യുതമേനോന്റെ മകൻ രാമൻകുട്ടി തുടങ്ങിയവർ നേരത്തെ ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ എത്തിയിരുന്നു. ഒരു വർഷം സമയമെടുത്താണ് ഉണ്ണി കാനായി 1000 കിലോഗ്രാം ഭാരം വരുന്ന പ്രതിമ നിർമ്മിച്ചത്.

Advertisement
Advertisement